കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി യുഎഇ

uae

ലോകത്തെ ഏറ്റവുമധികം കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി യുഎഇ. കമ്മ്യൂണിക്കേഷന്‍ ഏജന്‍സിയായ ഡ്യൂക്ക് മിര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് യുഎഇയുടെ ഈ സുവര്‍ണ്ണ നേട്ടം. ഭൂട്ടാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
യുഎഇയിലെ പൗരന്മാര്‍ ആഴ്ചയില്‍ ശരാശരി 50.9 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുവെന്നും, 97 ശതമാനം പേരും സ്വകാര്യ വിനോദ പരിപാടികള്‍ക്കായി എല്ലാ മാസവും പുറത്ത് പോകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1000 ലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ യുഎഇയിലെ പത്തില്‍ ഏഴ് പേരും ആഴ്ചയില്‍ ഒരു തവണയെങ്കിലും പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നതായും കണ്ടെത്തി.
യുഎഇ പൗരന്മാരില്‍ 81 ശതമാനം പേരും പല വിനോദ പരിപാടികള്‍ക്കും സബ്‌സ്‌ക്രിപ്ഷനുകള്‍ ചെയ്തിട്ടുള്ളതായും അതില്‍ മൂന്നിലൊന്ന് പേരും അവ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 18 നും 24 നും ഇടയില്‍ പ്രായമുള്ള നാലില്‍ മൂന്ന് പേരും കായിക വിനോദങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇ പൗരന്മാരുടെ കഠിനാധ്വാനം വെളിപ്പെടുത്തുന്നതാണ് പഠന റിപ്പോര്‍ട്ടെന്ന് ഡ്യൂക്ക് മിര്‍ പങ്കാളിയായ മിര്‍ മുര്‍താസ ഖുര്‍ഷിദ് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയില്‍ വീടുകളിലിരുന്ന് ടെലിവിഷന്‍ പരിപാടികള്‍ കാണുന്നവരുടെ എണ്ണം 83 ശതമാനമാണ്. കായിക പരിപാടികള്‍ കാണുന്നവരും, പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരും 68 ശതമാനം വീതവും കായിക പരിപാടികളില്‍ നേരിട്ട് ഏര്‍പ്പെടുന്നവര്‍ 66 ശതമാനവുമാണ്.
 

Tags