പെരുന്നാൾ അവധി അടുത്തെത്തിയതോടെ വിദേശയാത്രയ്ക്കുള്ള തിരക്ക് ഉയർന്നതായി മേഖലയിലെ വിദഗ്ധർ
Plane

ദുബായ് : പെരുന്നാൾ അവധി അടുത്തെത്തിയതോടെ വിദേശയാത്രയ്ക്കുള്ള തിരക്ക് ഉയർന്നതായി മേഖലയിലെ വിദഗ്ധർ. ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചത് യാത്രാ ആവശ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സർവേപ്രകാരം യു.എ.ഇ.യിൽനിന്ന് ഏറ്റവും ജനപ്രിയ യാത്രാലക്ഷ്യസ്ഥാനമായി മുന്നിലുള്ളത് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയാണ്.

 എന്നാൽ, ഇവിടേക്കുള്ള വിമാനടിക്കറ്റ് നിരക്കാകട്ടെ സാധാരണക്കാരന് താങ്ങാനാവുന്നതിനും മുകളിലാണ്. ഒമാൻ, സൗദി അറേബ്യ, യു.കെ., ജോർജിയ എന്നിവിടങ്ങളിലേക്കുള്ള നിരക്കും വർധിച്ചിട്ടുണ്ട്.

അതേസമയം, നിലവിൽ സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ശ്രീലങ്കയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറവാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. എന്നാൽ ശ്രീലങ്കയ്ക്കുപകരം ബീച്ച് ടൂറിസം ആസ്വദിക്കാനായി പലരും തിരഞ്ഞെടുക്കുന്നത് ഇന്ത്യയും മാലദ്വീപും ഒക്കെയാണ്. ഓരോ സ്ഥലത്തെയും എയർലൈനെയും സംബന്ധിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകാം.

മേയ് ഒന്നുമുതൽ ആറുവരെയുള്ള ടിക്കറ്റ് നിരക്കുകൾ ഇപ്രകാരമാണ്. ദുബായ്-മുംബൈ (റൗണ്ട് ട്രിപ്പ്) 1365 ദിർഹംമുതലും ഷാർജ-മുംബൈ 1353 ദിർഹവും ദുബായ്-ഡൽഹി 1500 ദിർഹം മുതലുമാണ്. യു. എ.ഇ.യിൽനിന്ന് മക്കയിലേക്ക് (ജിദ്ദ എയർപോർട്ട്) പോയിവരാനുള്ള ശരാശരി ടിക്കറ്റ് നിരക്ക് 1200 ദിർഹത്തിനും 1480-നും ഇടയിലാണ്.

Share this story