അജ്മാനില്‍ ഉറഞ്ഞാടി വിഷ്ണുമൂര്‍ത്തിയും ഗുളികനും; തെയ്യത്തിന്റെ അനുഷ്ഠാനവും പവിത്രതയും കളങ്കപ്പെടുത്തി ബിസിനസ് ആക്കി മാറ്റുന്നതായി ആരോപണം
വടക്കേമലബാറുകാരുടെ പ്രധാന തെയ്യങ്ങളില്‍ ഉള്‍പ്പെടുന്ന കടവാങ്കോട്ട് മാക്കവും മക്കളും, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, ശാസ്തപ്പന്‍ തുടങ്ങിയ തെയ്യങ്ങളും നവംബര്‍ 24ന് കെട്ടിയാടിച്ചു.
അജ്മാന്‍: കേരളത്തിലെ കാവുകളിലെന്നപോലെ അജ്മാനില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടിച്ചത് വിവാദമാകുന്നു. വടക്കേ മലബാറിലെ മലയാളികളുടെ സംഘടനയായ വിന്നേഴ്‌സ് സ്പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ക്ലബ്ബ് മൈതാനത്ത് തെയ്യം കെട്ടിയാടിച്ചത്. വടക്കേമലബാറുകാരുടെ പ്രധാന തെയ്യങ്ങളില്‍ ഉള്‍പ്പെടുന്ന കടവാങ്കോട്ട് മാക്കവും മക്കളും, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, ശാസ്തപ്പന്‍ തുടങ്ങിയ തെയ്യങ്ങളും നവംബര്‍ 24ന് കെട്ടിയാടിച്ചു.
ഇ പി നാരായണപ്പെരുവണ്ണാന്‍ പ്രധാന അമ്മദൈവമായ കടവാങ്കോട്ട് മാക്കത്തിന്റെ കോലധാരിയായി. ബാലകൃഷ്ണ പെരുമലയന്‍, കുഞ്ഞിരാമപ്പണിക്കര്‍, അര്‍ജുനന്‍, പുരുഷോത്തമന്‍, രാജന്‍, പ്രകാശന്‍, വിജേഷ്, ചന്ദ്രന്‍, ഷൈജു, പ്രസൂണ്‍, ബിജു, ജയരാജന്‍, പ്രേമരാജന്‍ തുടങ്ങിയവരും കേരളത്തില്‍നിന്ന് കളിയാട്ടത്തിനായി ഗള്‍ഫ് രാജ്യത്തെത്തി.
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്താണ് കടവാങ്കോട്ട് മാക്കത്തിന്റെ പ്രധാന ആരൂഢം. നാട്ടില്‍വെച്ച് തെയ്യങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍ക്കുള്ള അപൂര്‍വ അവസരമാണ് അജ്മാനിലെ കളിയാട്ടമെന്നാണ് സംഘാടകരുടെ വാദം. കൂടാതെ, നാട്ടില്‍ നടത്തുന്ന എല്ലാ ആചാരങ്ങളും നടത്തിയാണ് തെയ്യം കെട്ടിയാടിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു.
ഞായറാഴ്ച രാവിലെ നാലുമണിക്ക് സൂര്യകാലടിമനയിലെ സൂര്യന്‍ ജയസൂര്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് കളിയാട്ടത്തിന് തുടക്കമായത്. കളിയാട്ടത്തിനായി പ്രത്യേക 'പള്ളിയറ'കളും സ്ഥാപിച്ചു. പ്രവാസലോകത്തുനിന്നും ഒട്ടേറെപ്പേര്‍ തെയ്യം കാണാനെത്തിയിരുന്നു.
ഭക്തിയോടെയും തന്മയത്വത്തോടെയും പൂജാസമ്പ്രദായ പ്രകാരമാണ് തെയ്യം കെട്ടിയാടുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ആചാരങ്ങള്‍ പാലിച്ച് പവിത്രതയോടെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാട്ടുസ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യത്തെ മറ്റൊരു രാജ്യത്ത് എത്തിച്ചത് ബിസിനസ് ലക്ഷ്യമാക്കിയാണെന്ന് ഒരുവിഭാഗം തെയ്യം കലാകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
തെയ്യത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തിയും ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയുമാണ് അജ്മാനില്‍ തെയ്യം കെട്ടിയാടിച്ചതെന്നാണ് ആരോപണം. ഒരുതരത്തിലും ഇത് അംഗീകരിക്കാനാകില്ല. കൃത്യമായ ചടങ്ങുകളും ആചാരങ്ങളുമില്ലാതെ തെയ്യം കെട്ടിയാടുന്നത് തെയ്യത്തിന്റെ മഹത്വം ഇല്ലാതാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികളെ മുഴുവന്‍ നോക്കുകുത്തികളാക്കിയാണ് പ്രധാന തെയ്യക്കോലങ്ങള്‍ കെട്ടിയാടിച്ചതെന്ന് വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ വെളിച്ചപ്പാട് പരിപാലന സംഘം ജില്ലാ പ്രസിഡന്റ് വേണു അയ്യങ്കാവ് പറയുന്നു. ഇതിന് ആരാണ് അനുവാദം നല്‍കിയത്. പട്ടും വളയും നല്‍കി ആദരിക്കപ്പെട്ടവര്‍ തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
അജ്മാനിലെ തെയ്യത്തിന് പിന്നാലെ കൂടുതല്‍ സ്ഥലങ്ങളില്‍ തെയ്യം കെട്ടിയാടിക്കാനാണ് സംഘാടകരുടെ തീരുമാനം. യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ യുകെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും കളിയാട്ട മഹോത്സവം സംഘടിപ്പിക്കുമെന്ന് മലയാളി ഗ്ലോബല്‍ സ്ഥാപകനും ആര്‍എസ്എം ഇവന്റസ് ചെയര്‍മാനുമായ നിജിത്ത് ചന്ദ്രന്‍ പറഞ്ഞു.