എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം : തനിമ

google news
popular front

റിയാദ്: എതിർക്കുന്നവരേയും വിയോജിക്കുന്നവരേയും വേട്ടയാടാനുള്ള നീക്കമാണ് പോപ്പുലർ ഫ്രണ്ടിന് നേരെ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡും അറസ്റ്റും എന്ന് സൗദിയിലെ തനിമ കേന്ദ്രസമിതി അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ശക്തികൾ അധികാരത്തിൽ വന്നത് മുതൽ ഗവൺമെന്റ് ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് രാഷ്ട്രീയ എതിരാളികളേയും വിമർശകരേയും നേരിടുന്ന ഫാഷിസ്റ്റ് രീതി അനുദിനം ശക്തിപ്പെട്ടുപ്പെട്ടുവരുകയാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, തോമസ് ഐസക് തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും വരെ ഈ വേട്ടയാടലിന് ഇരയാക്കപ്പെടുകയാണ്.

ഇപ്പോൾ സംഘടനകളെ തന്നെ ടാർഗറ്റ് ചെയ്യപ്പെട്ടു തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനയാണ് പോപ്പുലർ ഫ്രണ്ടിന് നേരെ രാജ്യവ്യാപകമായി നടക്കുന്ന വേട്ട. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ജനാധിപത്യ വിരുദ്ധമായ ഈ നടപടികൾ ഭരണകൂട ഭീകരതയാണ്. ഏതുസമയവും ഇ.ഡിയും എൻ.ഐ.എയും ആരുടെ വാതിലിലും വന്നു മുട്ടാവുന്ന അവസ്ഥ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ജനാധിപത്യ മൂല്യങ്ങൾ കൈയ്യൊഴിഞ്ഞു കൊണ്ടിരിക്കുന്ന സംവാദ ശേഷി നഷ്ടപ്പെട്ട സംഘ് പരിവാർ ഭരണകൂടത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കേണ്ട സന്ദർഭമാണിതെന്ന് തനിമ ഓർമപ്പെടുത്തി.

Tags