അജ്മാന്‍ റോഡ് നിരീക്ഷണത്തിന് സ്മാര്‍ട്ട് സംവിധാനം

phone
phone

എമിറേറ്റിലെ റോഡുകളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സ്മാര്‍ട്ട് സംവിധാനം നടപ്പാക്കാനൊരുങ്ങി അജ്മാന്‍ പൊലീസ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കു എന്നിവയടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്മാര്‍ട്ട് മോണറ്ററിങ് സംവിധാനമാണ് നടപ്പാക്കാന്‍ പോകുന്നത്. 

പൊലീസ് റോഡ് സുരക്ഷ കാമ്പയിനിന്റെ ഭാഗമായി നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചതായും സ്മാര്‍ട്ട് മോണിറ്ററിങ് സംവിധാനം ഒക്ടോബര്‍ 1ന് പ്രവര്‍ത്തനക്ഷമമാക്കുമെന്നും അജ്മാന്‍ പൊലീസ് വ്യക്തമാക്കി.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണോ ശ്രദ്ധ തിരിക്കുന്ന മറ്റു ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഫെഡറല്‍ നിയമം അനുസരിച്ച് 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാലു ബ്ലോക്ക് പോയന്റും ലഭിക്കാവുന്ന കുറ്റമാണ്. കാറിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും പൊലീസ് അറിയിച്ചു. മുന്‍ വശമുള്ള യാത്രക്കാര്‍ക്ക് മാത്രമല്ല പിറകിലെ യാത്രക്കാരുടെ സുരക്ഷക്കും സീറ്റ് ബെല്‍റ്റ് ഉപകരിക്കും.
പിറകിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഡ്രൈവര്‍ക്ക് 400 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റും ലഭിക്കും. റോഡ് ഉപഭോക്താക്കളുടെ സുരക്ഷക്കായി ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.
 

Tags