ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ അവസരമൊരുക്കി ഷാര്‍ജ സര്‍ക്കാര്‍

ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ അവസരമൊരുക്കി ഷാര്‍ജ സര്‍ക്കാര്‍


കൊച്ചി: ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോളതലത്തില്‍ ബിസിനസ് വ്യാപിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കൊച്ചിയില്‍ ദ്വിദിന കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചു. ഫെബ്രുവരി അഞ്ച്, ആറ് തിയതികളില്‍ നടന്ന കൂടിക്കാഴ്ചകളില്‍ ഷാര്‍ജാ സര്‍ക്കാരിന് കീഴിലുള്ള ഷാര്‍ജ എയര്‍പ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ (സെയിഫ് സോണ്‍), അസോചം പ്രതിനിധികള്‍ പങ്കെടുത്തു. ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി.എന്‍.ഐ) കൊച്ചിന്‍, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് അതോറിറ്റി(എം.പി.ഇ.ഡി.എ) എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ എഴുപതിലേറെ കമ്പനികളാണ് പങ്കെടുത്തത്.

'യു.എ.ഇ വഴി ആഗോളതലത്തില്‍ ബിസിനസ് വ്യാപിപ്പിക്കുക' എന്ന ആശയവുമായി സംഘടിപ്പിച്ച കൂടിക്കാഴ്ചകളിലൂടെ ഇതില്‍ പങ്കെടുത്തവര്‍ക്ക് ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാനായി. കൂടാതെ ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ച് എങ്ങനെ ആഗോളതലത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാമെന്നും യു.എ.ഇ കേന്ദ്രമാക്കി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും മറ്റും വിപണികളിലേക്ക് പ്രവേശിക്കാമെന്നും കയറ്റുമതി നടത്താമെന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് മനസ്സിലാക്കാനായി.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എ.ഇയിലെയും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിന്റെയും വിപണികളില്‍ വലിയതോതിലുള്ള ആവശ്യക്കാരുണ്ടെന്നും ഇന്ത്യന്‍ വ്യാപാരികള്‍ ഈ അവസരം ഉപയോഗിക്കണമെന്നും സെയ്ഫ് സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അലി അല്‍ മുത്തവ അറിയിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അനുസരിച്ച് യു.എ.ഇ ഒരു പ്രധാന റീ-എക്സ്പോര്‍ട്ട് കേന്ദ്രമായി മാറും. ഏതൊരു നിക്ഷേപകനെയും ആകര്‍ഷിക്കുന്ന അവസരങ്ങളും പ്രോത്സാഹനങ്ങളും സെയിഫ് സോണില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ, സെയിഫ് സോണ്‍ എന്നിവിടങ്ങളില്‍ കച്ചവട താല്‍പര്യങ്ങളുള്ള ഇന്ത്യന്‍ കമ്പനികളുടെ വിപണന ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ ഇതിലൂടെ സാധിക്കുമെന്ന് എ.എസ്.എസ്.ഒ.സി.എച്ച്.എ.എമ്മിന്റെ കേരള സംസ്ഥാന വികസന വിഭാഗം ചെയര്‍മാന്‍ രാജ സേതുനാഥ് അറിയിച്ചു. കൊച്ചി ആസ്ഥാനമായുള്ള വ്യവസായങ്ങളും യു.എ.ഇയും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. ഈയൊരു കാരണം കൊണ്ടാണ് ഇത്തരമൊരു കൂടിക്കാഴ്ച ഇവിടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇതിലൂടെ വ്യവസായികളുടെ അവബോധം വര്‍ധിപ്പിക്കാനും ആഗോളതലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള സഹായങ്ങള്‍ നല്‍കാനും സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Tags