സൗദിയിൽ ഞായറാഴ്​ച വരെ കനത്ത മഴക്ക്​ സാധ്യത

google news
rain-

റിയാദ്​: ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടത്തരമോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രതയും ജാഗ്രതയും പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനളോട്​ അഭ്യർഥിച്ചു. 

അസീർ, നജ്‌റാൻ, ജസാൻ, അൽബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും കൊടുങ്കാറ്റ്​ മൂലം പേമാരിയാകാമെന്നുമുള്ള ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ടിനെ ഉദ്ധരിച്ചാണ്​ ഡയറക്ടറേറ്റ് മുന്നറിയിപ്പ്​ നൽകിയത്​. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം പ്രവിശ്യ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലും ഈ കാലയളവിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇത്തരം പ്രതികൂല കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി ആവശ്യപ്പെട്ടു. മഴവെള്ളപ്പാച്ചിൽ മൂലം തോടുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള താഴ്​വരകളിലും നിന്ന്​ മാറി നിൽക്കാൻ അദ്ദേഹം ആളുകളോട് അഭ്യർഥിച്ചു.

തങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമ അകൗണ്ടുകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

Tags