ചരിത്രത്തില്‍ ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

miss saudi

റിയാദ്: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. ചരിത്രത്തില്‍ ആദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് 27-കാരിയായ റൂമി അല്‍ഖഹ്താനിയാണ് വിശ്വ സുന്ദരിയാകാന്‍ മത്സരിക്കുക.

'മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.'-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു.ഈ കുറിപ്പിനൊപ്പം മിസ് സൗദി അറേബ്യ കിരീടം അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും റൂമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് പീസ് 2021, മിസ് വുമണ്‍ (സൗദി അറേബ്യ) എന്നീ കിരീടങ്ങളും റൂമി നേടിയിട്ടുണ്ട്. മലേഷ്യയില്‍ നടന്ന മിസ് ആന്റ് മിസിസ് ഗ്ലോബല്‍ ഏഷ്യനിലും അവര്‍ പങ്കെടുത്തിരുന്നു.
റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ പിന്തുടരുന്നത്. സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്.

Tags