ടിക്കറ്റ് എടുക്കുമ്പോള്‍ സൗജന്യമായി ടൂറിസ്റ്റ് വിസ നല്‍കുന്ന സേവനവുമായി സൗദി എയര്‍ലൈന്‍സ്

google news
 Saudi budget



റിയാദ്: ടിക്കറ്റ് എടുക്കുമ്പോള്‍ സൗജന്യമായി ടൂറിസ്റ്റ് വിസ നല്‍കുന്ന സേവനവുമായി സൗദി എയര്‍ലൈന്‍സ്. സൗജന്യ വിസാ സേവനം ഉടനെ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനിയാണ് അറിയിച്ചത്. ടിക്കറ്റ് വാങ്ങുമ്പാള്‍ മറ്റ് ഫീസൊന്നും ഇടാക്കാതെ ടൂറിസ്റ്റ് വിസ കൂടി നല്‍കുന്ന സേവനം ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

'നിങ്ങളുടെ ടിക്കറ്റ് തന്നെയാണ് വിസ' എന്ന പേരിലാണ് സൗദി എയര്‍െൈലന്‍സ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സൗദിയില്‍ പ്രവേശിച്ച് 96 മണിക്കൂര്‍ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമായിരിക്കും ഈ വിസയിലൂടെ ലഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ രാജ്യത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും യാത്രക്കാര്‍ക്ക് കഴിയും.

വിനോദസഞ്ചാരത്തിനും ഉംറ തീര്‍ത്ഥാടനത്തിനും സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്കായിരിക്കും പുതിയ സേവനം ഏറെ പ്രയോജനപ്പെടുന്നത്. സൗദി എയര്‍ലൈന്‍സിന്റെ പുതിയ ടിക്കറ്റിങ് സംവിധാനത്തില്‍ യാത്രക്കാരന് ടിക്കറ്റ് ബുക്കിങ്ങിനൊപ്പം വിസക്ക് കൂടി അപേക്ഷിക്കാവുന്ന സൗകര്യം ഒരുക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിസ ആവശ്യമുണ്ടോ എന്ന ചോദ്യം കൂടിയുണ്ടാവും. വിസ വേണ്ടവര്‍ക്ക് മൂന്ന് മിനിറ്റിനുള്ളില്‍ അതിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനാവും. 

 പുതിയ സംവിധാനം സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടലിലാണുള്ളത്. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ആവശ്യം 40 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപ്പുവര്‍ഷത്തെ പദ്ധതിക്ക് സൗദി എയര്‍ലൈന്‍സ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കും. അവ ഏതൊക്കെ നഗരങ്ങളിലേക്ക് ആണെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും വക്താവ് പറഞ്ഞു. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിരന്തരമായ ആവശ്യമാണ് ടിക്കറ്റുമായി ബന്ധിപ്പിച്ച് ഇത്തരമൊരു വിസ സംവിധാനം ആരംഭിക്കാന്‍ പ്രധാന പ്രേരണയായതെന്നും വക്താവ് പറഞ്ഞു. 


ടിക്കറ്റിനൊപ്പമുള്ള വിസ ഉപയോഗപ്പെടുത്തി ജിദ്ദ വിമാനത്താവളത്തില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം. സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗകര്യപ്പെട്ട വിമാനത്താവളത്തില്‍നിന്ന് മടങ്ങാനും കഴിയും.

Tags