'മെമ്മറീസ് ഓഫ് ലെജൻറ്‌സ്' സംഗീതനിശ ഇന്ന് വൈകീട്ട് റിയാദിൽ
tyui

റിയാദ്‌: സൗദി അറേബ്യ 92-ാം ദേശീയദിനാഘോഷം കൊണ്ടാടവേ അതിന് ശ്രുതി മധുരവും വർണശബളിമയും പകർന്ന് ഇന്ത്യൻ എംബസിയും 'ഗൾഫ് മാധ്യമ'വും ചേർന്ന് ഒരുക്കുന്ന 'മെമ്മറീസ് ഓഫ് ലെജൻറ്‌സ്' സംഗീതനിശ ഇന്ന് വൈകീട്ട് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ. പുതുകാല സെലിബ്രിറ്റി ഗായകൻ പവൻദീപ് രാജൻ നയിക്കുന്ന സംഗീത പരിപാടി വൈകീട്ട് 6.30ന് ആരംഭിക്കും. മൂന്നു മണിക്കൂറോളം നീളുന്ന പരിപാടിയിൽ സഹൃദയ ലോകം നെഞ്ചേറ്റിയ മധുര ഗീതങ്ങളുടെ നാദ വീചികൾ പരന്നൊഴുകും.

ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായകരായ മുഹമ്മദ് റഫി, ലതാ മ​​ങ്കേഷ്കർ, കിഷോർ കുമാർ എന്നിവർ പാടി അനശ്വരമാക്കിയതും കലാസ്വാദകരുടെ ഹൃദയങ്ങളിൽ പാടിപ്പതിഞ്ഞതുമായ പാട്ടുകളാണ് പാടുന്നത്. കാലാദേശാതിരുകൾ ഭേദിക്കുന്ന ആ പാട്ടുകളെ പ്രണയിക്കുന്ന പതിനായിരക്കണക്കിന് സംഗീതാസ്വാദകർ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പരിപാടി ആസ്വദിക്കാനെത്തും. പരിപാടിയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായ നിമിഷം മുതൽ സൗദി അറേബ്യയിലെ സഹൃദയരിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്.

വിവിധ രാജ്യക്കാരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ തിരക്ക് കൂട്ടിയത്. സംഘാടകരെ പോലും അമ്പരിപ്പിച്ചതായിരുന്നു ആ പ്രതികരണം. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് അനുമതി. ഉൾക്കൊള്ളാവുന്നതിലും പല മടങ്ങ് രജിസ്ട്രേഷൻ അപേക്ഷകൾ പ്രവഹിച്ചതോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം നേരത്തെ ക്ലോസ് ചെയ്യേണ്ടിവന്നു.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടിക്കായി അടങ്ങാത്ത ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്കായി ഇന്ന് വൈകീട്ട് 4.30 മുതൽ തന്നെ റിയാദ് റൗദയിലെ ഇന്ത്യൻ സ്കൂൾ അങ്കണത്തിന്റെ കവാടങ്ങൾ തു​റന്നിടും. രജിസ്റ്റർ ചെയ്ത് കൺഫേം മെസേജ് ലഭിച്ചവരെല്ലാം കൃത്യസമയത്ത് തന്നെ പരിപാടി സ്ഥലത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. യു.എസ്, യൂറോപ്യൻ പര്യടനത്തിലായിരുന്ന സെലിബ്രിറ്റി ഗായകസംഘം വ്യാഴാഴ്ച റിയാദിൽ എത്തി.

ഇന്ത്യൻ സംഗീതത്തിലെ എക്കാലത്തെയും ഒന്നാം നമ്പർ പ്രതിഭയായ മുഹമ്മദ് റഫി, വാനമ്പാടി ലതാ മങ്കേഷ്കർ, അനുഗ്രഹീത ഗായകൻ കിഷോർ കുമാർ എന്നിവർക്കുള്ള സമർപ്പണമായിരിക്കും സംഗീതോത്സവത്തിന്റെ ഒരുഭാഗം. ജനകോടികളെ വിസ്മയിപ്പിച്ച പാട്ടിന്റെ പാലാഴി തീർത്ത ഈണങ്ങളോടൊപ്പം അനുവാചകരുടെ മനസ്സിന്റെ ചെപ്പുകളും ഓർമകളുടെ അറകളും അവിടെ തുറക്കപ്പെടും. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇന്ത്യൻ ദേശഭക്തി ഗാനങ്ങളും പുതുതലമുറക്ക് വേണ്ടി പുതിയ തരംഗം തീർക്കുന്ന പാട്ടുകളും വേദിയിൽ ഇഷ്ടഗായകർ ആലപിക്കും.

Share this story