ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത തള്ളി ഖത്തര്‍
ദോഹയിലെ ഹമാസ് ഓഫീസ് സംബന്ധിച്ച വാര്‍ത്തകളും കൃത്യമല്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ്. ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നും ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ദോഹയിലെ ഹമാസ് ഓഫീസ് സംബന്ധിച്ച വാര്‍ത്തകളും കൃത്യമല്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ളതാണ് ഹമാസിന്റെ ദോഹയിലെ ഓഫീസെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ലക്ഷ്യം കാണുന്നതില്‍ ഈ ഓഫീസ് പങ്കുവഹിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ദോഹയില്‍ ഹമാസ് ഓഫീസ് തുടരുന്നത് പ്രയോജനകരമല്ലെന്നും ഹമാസ് പ്രതിനിധി സംഘത്തെ പുറത്താക്കണമെന്നും യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തര്‍ നയം വ്യക്തമാക്കിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.