യുഎഇയില്‍ വിപിഎന്‍ ഉപയോഗിച്ച് പോണ്‍ വീഡിയോ കണ്ടാല്‍ വന്‍തുക പിഴ
VPN

യുഎഇയില്‍ വിപിഎന്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ കാണുകയും നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്താല്‍ വന്‍തുക പിഴ. യുഎഇയിലും ഗള്‍ഫ് മേഖലയിലും ഡേറ്റിങ്, ചൂതാട്ടം, അഡള്‍ട്ട് വെബ്‌സൈറ്റുകള്‍ എന്നിവയ്ക്കായും ഓഡിയോ-വീഡിയോ കോളിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി  വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്(വിപിഎന്‍) ഉപയോഗം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍.

നോര്‍ഡ് സെക്യൂരിറ്റി ഡേറ്റയുടെ പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ വിപിഎന്‍ ഉപയോഗം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വര്‍ധിച്ചു. യുഎഇയില്‍ വിപിഎന്‍ ആവശ്യകത 36 ശതമാനം വര്‍ധിച്ചു.

കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ നിരോധിച്ച ഉള്ളടക്കങ്ങള്‍ കാണുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്. യുഎഇ സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10 അനുസരിച്ച് ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ നടപടി നേരിടേണ്ടി വരും. തടവുശിക്ഷയും 500,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയുമാണ് കുറ്റകൃത്യത്തിന് തീവ്രത അനുസരിച്ച് ശിക്ഷയായി നല്‍കുക. 

യുഎഇ ഗവൺമെന്റിന്റെയും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും (ടിഡിആർഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാർട്ണർ ആശിഷ് മേത്ത പറഞ്ഞു. എന്നാൽ വിപിഎൻ ഉപയോ​ഗിച്ച് അശ്ലീല വീഡിയോകള്‍ കാണുന്നത്, ചൂതാട്ട വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് എന്നിവ നിയമവിരുദ്ധമാണ്.

2021ലെ സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട യുഎഇ നിയമം 34 പ്രകാരം അനധികൃത കാര്യത്തിനോ കുറ്റകൃത്യങ്ങള്‍ക്കോ ആയി വിപിഎന്‍ ഉപയോഗിക്കുന്നത് ഗൗരവകരമായ കുറ്റകൃത്യമാണ്. ഐപി അഡ്രസ് മറച്ചുവെച്ച് വിപിഎന്‍ ഉപയോഗിക്കുകയും ഇതിലൂടെ യുഎഇ സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകള്‍, കോളിങ് ആപ്ലിക്കേഷനുകള്‍, ഗെയിമിങ് ആപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

Share this story