പ്രധാനമന്ത്രി ബുധനാഴ്ച ഖത്തറിലേക്ക്

google news
modi

അബുദബിയില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് മന്ദിറിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിക്കും. രാജ്യത്തെ തലസ്ഥാനമായ ദോഹയിലേക്കാണ് മോദിയെത്തുന്നത്. ??ഖത്തര്‍ തടവിലാക്കിയ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ചത്.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഡിജിറ്റല്‍ ഡൊമെയ്ന്‍ തുടങ്ങി വിവിധ മേഖലകളില്‍ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തുന്നത്. ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് ഖത്തറിലെ ദോഹയിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമ സമ്മേളനത്തിലാണ് പറഞ്ഞത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് ഉന്നതരുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യന്‍ നാവികരുടെ മോചനത്തില്‍ പ്രധാനമന്ത്രി അമീറിനെ നന്ദി അറിയിക്കും. ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച് മൂന്നര മാസത്തിന് ശേഷം തടവിലാക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളില്‍ ഏഴ് പേരും തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ ദോഹ സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്.

Tags