ഇന്ത്യയും കുവൈറ്റും തമ്മിലുളള നയതന്ത്രബന്ധത്തില്‍ നിര്‍ണായകമായി മോദിയുടെ കുവൈത്ത് സന്ദര്‍ശനം
ഇന്ത്യയുടെ മികച്ച വ്യാപാരപങ്കാളിയാണ് കുവൈറ്റ്.
ഇന്ത്യയും കുവൈറ്റും തമ്മിലുളള നയതന്ത്രബന്ധത്തില്‍ നിര്‍ണായകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈറ്റ് സന്ദര്‍ശനം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈറ്റ് സന്ദര്‍ശിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുളള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദര്‍ശനം.
വ്യാപാരം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുള്‍പ്പടെയുളള കാര്യങ്ങള്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹുമായി മോദി നടത്തിയ വിഷയമായി. ഈ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഫഹദ് യൂസഫ് അല്‍ സബാഹ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് മോദിയെ സ്വീകരിച്ചത്.കുവൈറ്റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മുകാരക് അല്‍ കബീര്‍ നല്‍കിയാണ് കുവൈറ്റ്, ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചത്. പുരസ്‌കാരം 1.4 ബില്ല്യണ്‍ ഇന്ത്യാക്കാര്‍ക്ക് സമര്‍പ്പിക്കുന്നതായി മോദി പറഞ്ഞു.
ഇന്ത്യയുടെ മികച്ച വ്യാപാരപങ്കാളിയാണ് കുവൈറ്റ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1047 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്.കുവൈറ്റിലേക്കുളള ഇന്ത്യന്‍ കയറ്റുമതി 200 കോടി ഡോളറിന് മുകളിലെത്തി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കുവൈറ്റിലെത്തിയത്. കുവൈറ്റ് ആതിഥ്യം വഹിച്ച 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുത്തു. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ 'ഹലാ മോദി' എന്ന പ്രത്യേക പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിച്ചിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഞായറാഴ്ച മടങ്ങി.