ഇളവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ; വ്യാജന്മാരെ ശ്രദ്ധിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
മാല്‍വെയറുകള്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും ചോര്‍ത്താന്‍ ഉപയോഗിക്കപ്പെടാം.
ആകര്‍ഷകമായ ഇളവുകളും ഓഫറുകളും വാഗ്ദാനം ചെയ്തു ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ സജീവമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സമൂഹ മാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്ന ഈ പരസ്യങ്ങളില്‍ മാല്‍വെയര്‍ അടങ്ങിയിരിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം മാല്‍വെയറുകള്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും ചോര്‍ത്താന്‍ ഉപയോഗിക്കപ്പെടാം.
സുരക്ഷിതമായ ഓണ്‍ലൈന്‍ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിന് ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ഔദ്യോഗിക സ്റ്റോറുകളില്‍ നിന്ന് മാത്രം ഷോപ്പിങ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ പേമെന്റ് ലിങ്കുകള്‍ കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തണം.
വ്യാജ സൈറ്റുകളുടെ കെണിയില്‍ അകപ്പെടരുത്, പൊതു ഇടങ്ങളിലെ വൈഫൈ നെറ്റ്വര്‍ക്കുകള്‍ വഴി പണമടയ്ക്കുന്നത് ഒഴിവാക്കുക, ഇത് ഹാക്കിങിന് ഇരയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.