ഗതാഗത, ഐ.ടി മേഖലയിൽ സഹകരിക്കാൻ ഒമാനും ലിത്വേനിയയും
oman

മസ്കത്ത്: ഒമാൻ ഗതാഗത, വാർത്ത വിനിമയ, വിവര, സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മവാലിയുമായി ലിത്വേനിയ ഗതാഗത, വാർത്ത വിനിമയ മന്ത്രി മാരിയസ് സ്‌കുവോഡിസു കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ലോജിസ്റ്റിക് സേവനങ്ങൾ, തുറമുഖങ്ങൾ, ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി എന്നിവയിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളും ചർച്ച ചെയ്തു.

ലോജിസ്റ്റിക് സേവനങ്ങളിലും ഐ.ടിയിലുമുൾപ്പെടെ ലിത്വേനിയയുമായുള്ള സംയുക്തബന്ധം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അടിവരയിട്ട് പറഞ്ഞ അൽ മവാലി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിക്കണമെന്നും സൂചിപ്പിച്ചു.

ഒമാനിലെ തുറമുഖങ്ങളും അവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ മേഖലയുമായി സഹകരിച്ച് ലഭ്യമായ നിക്ഷേപ അവസരങ്ങളും ഉയർത്തിക്കാട്ടുന്ന ദൃശ്യാവതരണവും യോഗത്തിൽ നടന്നു. ഒമാൻ ലോജിസ്റ്റിക്‌സ് സെന്റർ അതിന്റെ പ്രവർത്തനങ്ങൾ, ചുമതലകൾ, സംരംഭങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു. ഇരു രാജ്യങ്ങളിലെയും ഗവൺമെന്റ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിനെ കുറിച്ചും ചർച്ച ചെയ്തു. വിവിധ സർക്കാർ മേഖലകളിലെ ഡിജിറ്റൽ പരിവർത്തനത്തിലെ സഹകരണത്തിന്റെ വശങ്ങളും പര്യവേക്ഷണം ചെയ്തു.

Share this story