നവജാത ശിശുക്കള്‍ക്ക് 120 ദിവസത്തിനകം ഐഡി കാര്‍ഡ് നിര്‍ബന്ധം: അറിയിപ്പുമായി യുഎഇ
new born baby

അബുദാബി : നവജാത ശിശുക്കള്‍ക്ക് 120 ദിവസത്തിനകം ഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന അറിയിപ്പുമായി യുഎഇ.സ്‌പോണ്‍സറുടെ വിസയുടെ കാലാവധിയനുസരിച്ചാകും കുട്ടികളുടെ കാര്‍ഡിന്റെ കാലാവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വെബ്‌സൈറ്റിലും ആപ്പിലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടിയുടെ പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, സ്‌പോണ്‍സറുടെ വിസ പേജ് സഹിതമുള്ള പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഇ-ദിര്‍ഹം രസീത്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്ക്കു വേണ്ടത്.

സ്‌പോണ്‍സറുടെ വിസ കാലാവധിയുള്ളതാകണമെന്നത് പ്രധാന വ്യവസ്ഥയാണ്. കുട്ടിയുടെ കാര്‍ഡ് എടുക്കാന്‍ വൈകിയതിന് പിഴയുണ്ടെങ്കില്‍ അതാദ്യം അടയ്ക്കുകയും വേണം.ഐഡി കാര്‍ഡിനായി അപേക്ഷയും ഫീസും അടച്ചാല്‍ മറ്റു വിവരങ്ങള്‍ അധികൃതര്‍ ഇ-മെയിലില്‍ അറിയിക്കും. അതേസമയം, ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ 30 ദിവസത്തിലേറെ വൈകിയാല്‍ ഓരോ ദിവസവും 20 ദിര്‍ഹമാണ് പിഴ. ഇപ്രകാരം ഒരു കാര്‍ഡില്‍ പരമാവധി 1,000 ദിര്‍ഹം വരെ പിഴ ചുമത്തുന്നതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this story