ഖത്തറിൽ അഞ്ചിലൊന്ന്​ ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് സർവേ
mobile phone use while driving

ഖത്തറിൽ പല ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഡ്രൈവർമാരിൽ അഞ്ചിലൊന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നുണ്ടെന്നാണ് സർവേ. ഖത്തർ യൂണിവേഴ്സിറ്റിയിലെ ഖത്തർ ട്രാൻസ്​പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെന്റർ നടത്തിയ സർവേയിൽ 256 പേരാണ് പങ്കെടുത്തത്. ഇതിൽ 13 ശതമാനം പേർ മാത്രമാണ് അവസാന 10 യാത്രയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതെന്ന് വെളിപ്പെടുത്തി. ഇതിൽ അഞ്ചിലൊന്ന് പേരും അവസാന ട്രിപ്പുകളിൽ മൊബൈൽ ഉപയോഗിച്ചവരാണെന്നും സർവേ കണ്ടെത്തി.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ടനുസരിച്ച് അമിത വേഗതയും ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗവുമാണ് റോഡപകടങ്ങളുടെ മുഖ്യ കാരണം. റോഡപകടങ്ങൾ കാരണം പ്രതിവർഷം 1.35 ദശലക്ഷമാളുകൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ റോഡപകടങ്ങളിൽ 80–90 ശതമാനവും ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് കഴിഞ്ഞ വർഷം ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഖത്തറിലെ റോഡപകട മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്​. ഏറ്റവും മികച്ച റോഡ് ശൃംഖലയുണ്ടെങ്കിലും ​ഗതാ​ഗത നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച അധികാരികൾക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്. ഡ്രൈവർമാർ വാഹനമോടിക്കുന്നതിനിടെ നാവിഗേഷൻ മാപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഫോൺ ചെയ്യുന്നത് പോലെ കുറ്റകരമാണെന്ന് ക്യു.ടി.ടി.എസ്​.സി മേധാവി ഡോ. മുഹമ്മദ് വൈ അൽ ഖറദാവി വ്യക്തമാക്കി.

Share this story