കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു
manama

മനാമ: ബഹ്റൈന്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഉദയം' ക്യാമ്പ് ശ്രദ്ധേയമായി. ഇ. അഹമ്മദ് സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ മതനിരാസം, സമകാലിക രാഷ്ട്രീയത്തില്‍ ലീഗിന്റെ പ്രസക്തി എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. പരിപാടി കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചിന്തകനും സൗദി എസ്.കെ.ഐ.സി സെക്രട്ടറിയുമായ അറക്കല്‍ അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, സീനിയര്‍ നേതാവ് വി.എച്ച്. അബ്ദുല്ല, ജില്ല ജനറല്‍ സെക്രട്ടറി ഉമ്മര്‍ കൂട്ടിലങ്ങാടി, മണ്ഡലം കോഓഡിനേറ്റര്‍ വി.കെ. റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. മതനിരാസം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ശംസുദ്ദീന്‍ ഫൈസി ജിദാലി വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡൻറ് ഷബീറലി കക്കോവ് അധ്യക്ഷനായ ചടങ്ങില്‍ ലഹരിക്കെതിരെയുള്ള സത്യപ്രതിജ്ഞ മുഹമ്മദ് അമീന്‍ ചൊല്ലിക്കൊടുത്തു. കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി സാബിര്‍ ഓമാനൂര്‍ സ്വാഗതവും മണ്ഡലം ജോ. സെക്രട്ടറി മൂസ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.

സമകാലിക രാഷ്ട്രീയത്തില്‍ മുസ്‍ലിം ലീഗിന്റെ പ്രസക്തി എന്ന രണ്ടാം സെഷന്‍ ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് റിയാസ് ഓമാനൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ശംസുദ്ദീന്‍ വെള്ളികുളങ്ങര വിഷായവതരണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് അലവി മുണ്ടക്കുളം അധ്യക്ഷനായ ചടങ്ങില്‍ മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷനുഫ് ചോലക്കര സ്വാഗതവും വൈസ് പ്രസിഡൻറ് നൗഫല്‍ ഓമാനൂര്‍ നന്ദിയും പറഞ്ഞു.
 

Share this story