സൗദി അറേബ്യയിൽ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
സൗദി അറേബ്യ : മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ അഞ്ചുവയസ്സുള്ള മകൾ ആരാധ്യ സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലെ ദമാമിനു സമീപം അൽകോബാറിലെ തുഖ്ബ എന്ന സ്ഥലത്ത് കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹൻ(37), ഭാര്യ രമ്യമോൾ(28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അനൂപ് മോഹൻ ഏറെക്കാലമായി തുഖ്ബയിൽ വർക്ക്ഷോപ്പ് പെയിന്റിങ് തൊഴിലാളിയാണ്.
ഭാര്യയും മകളും സന്ദർശന വിസയിലാണ് സൗദിയിൽ എത്തിയത്. സന്ദർശക വിസയുടെ കാലാവധി തീരുന്നതിനാൽ അടുത്ത മാസം ഭാര്യയും മകളും നാട്ടിലേക്ക് പോവാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്.
കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്ത് താമസിക്കുന്ന സ്വദേശികളെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അനൂപ് ഫാനിൽ തൂങ്ങി മരിച്ചതായാണ് റിപ്പോർട്ട്. അനൂപിനെ ഫാനിൽ തൂങ്ങിയനിലയിലും രമ്യമോളെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. അനൂപ് മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചതായും സൂചനകളുണ്ട്.