കുവൈറ്റിൽ അനധികൃതമായി വോട്ട് വാങ്ങിയവർ അറസ്റ്റിൽ
arrested

കുവൈത്ത് സിറ്റി: അനധികൃതമായി വോട്ട് വാങ്ങുന്നതിൽ ഏർപ്പെട്ട നിരവധി പേരെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അഭ്യന്തരമന്ത്രാലയം അറിയിച്ചു. വോട്ട് വാങ്ങുന്നതിന് രഹസ്യമായി ഏർപ്പാടാക്കിയ വീട്ടിൽനിന്നാണ് നിയമലംഘകരെ പിടികൂടിയതെന്ന് എം.ഒ.ഐ പ്രസ്താവനയിൽ പറഞ്ഞു. കൈമാറാനുള്ളതെന്നു കരുതുന്ന പണവും കണ്ടെടുത്തു. വോട്ട് കച്ചവടത്തിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ (ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്രിമിനൽ ഇൻസ്പെക്ഷൻ) പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് അറസ്റ്റ് വാറന്റ് നേടിയ ശേഷം, വീടിനുള്ളിൽ ഇരച്ചുകയറി വോട്ട് വാങ്ങിയവരെ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെ നിയമനടപടികൾക്കും ചോദ്യംചെയ്യാനുമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

ആക്ടിങ് പ്രധാനമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. അണ്ടർസെക്രട്ടറി അൻവർ അൽ ബർജാസ് തുടർനടപടികൾ കൈക്കൊണ്ടു.

ഇത് രണ്ടാം തവണയാണ് വോട്ട് കച്ചവടത്തിൽ ഏർപ്പെട്ടവരെ പിടികൂടുന്നത്. ഈമാസം 17ന് ഏഴുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. 20,000 ദീനാറും വോട്ടർമാരുടെ ലിസ്റ്റും ഇവരിൽനിന്ന് കണ്ടുകെട്ടുകയുമുണ്ടായി. കൈക്കൂലി നൽകുന്നതും വോട്ട് വാങ്ങുന്നതും പോലുള്ള 'തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളിൽ' ഉൾപ്പെട്ട വ്യക്തികൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Share this story