ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി കുവൈറ്റ്
രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി വിരലടയാള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു
ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണിത്. ഇവര്‍ക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി വിരലടയാള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു
ഡിസംബര്‍ 31ന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ ജനുവരി ഒന്ന് മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനു പുറമെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം ബയോമെട്രിക് രജിസ്ട്രേഷന്‍ എടുക്കാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല.