ട്രാഫിക് നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന് കുവൈത്ത്
അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോകുന്നവര്‍ നിയമപരമായ നടപടികള്‍ക്ക് വിധേയരാകും
ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്. വാഹന ലൈസന്‍സിങ്ങും സിവില്‍ ലയബിലിറ്റി ഇന്‍ഷുറന്‍സും സംബന്ധിച്ച നിയമ വ്യവസ്ഥകളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ലൈസന്‍സിന് അര്‍ഹതയുള്ള അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, വാഹനമോടിക്കുന്നതിനുള്ള വ്യവസ്ഥകള്‍, ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ എന്നിവ നിയമം വ്യക്തമാക്കുന്നു. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍, അമിതമായ പുക, അസുഖകരമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന വാഹനം ഓടിക്കുന്നതിന് വിലക്കുണ്ട്.
അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോകുന്നവര്‍ നിയമപരമായ നടപടികള്‍ക്ക് വിധേയരാകും. സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഓരോ മോട്ടോര്‍ വാഹനവും ട്രാഫിക് വകുപ്പ് അതോറിറ്റി നല്‍കുന്ന രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റ് ലഭിക്കാതെ ഒരു വ്യക്തിക്കും വാഹനങ്ങള്‍ പഠിക്കാന്‍ പാടില്ല.
ഒരു വ്യക്തി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ വര്‍ഷത്തിനുള്ളില്‍ രണ്ട് നിയമലംഘനങ്ങള്‍ നടത്തിയാല്‍, അത് താല്‍ക്കാലികമായി റദ്ദാക്കപ്പെടും. സാധുവായ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവും 150 മുതല്‍ 300 ദിനാര്‍ വരെ പിഴയും ലഭിക്കും. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന വാഹന ഡഡ്രൈവര്‍ക്ക് മൂന്ന് മാസം വരെ തടവും 150 ദിനാറില്‍ കുറയാത്ത പിഴയും ലഭിക്കും.
അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവാണ് ശിക്ഷ. ബ്രേക്കില്ലാതെ വാഹനം ഓടിച്ചാല്‍ രണ്ട് മാസം വരെ തടവും 200 ദിനാര്‍ വരെ പിഴയും ലഭിക്കും. നടപ്പാതകളിലോ കാല്‍നട പാതകളിലോ വാഹനം ഓടിക്കുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്താല്‍ ഒരു മാസം വരെ തടവും 100 ദിനാറില്‍ കൂടാത്ത പിഴയുമാണ് ശിക്ഷ. ആവശ്യമായ ലൈറ്റുകള്‍ ഓണാക്കാതെ വാഹനമോടിച്ചാല്‍ 45 മുതല്‍ 75 ദിനാര്‍ വരെ പിഴ ഈടാക്കും.