ബജറ്റുകൾ നടപ്പിലാവാത്ത വാഗ്ദാനങ്ങൾ കൊണ്ട് നിറച്ച പ്രകടനപത്രിക പോലെ; പുത്തൂർ റഹ്മാൻ

puthoor rahman

നടപ്പിലാവാത്ത വാഗ്ദാനങ്ങൾ കൊണ്ട് നിറച്ച പ്രകടനപത്രിക പോലെയായി ബജറ്റുകളെന്ന് മുതിര്‍ന്ന കെഎംസിസി നേതാവ് പുത്തൂർ റഹ്മാൻ. ഖജനാവിൽ പണമില്ലാത്ത സമയത്ത് പ്രവാസികൾക്കായി കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സർക്കാർ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കാം എന്നും പ്രവാസികൾ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗള്‍ഫുകാര്‍ എന്നും അദ്ദേഹം പറഞ്ഞു. 

ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം, ചികിത്സ തുടങ്ങി പലവിധ ആവശ്യങ്ങൾക്ക് ഇക്കുറി ബജറ്റിലെ നീക്കിയിരിപ്പ് 114 കോടി രൂപയാണ്. ഖജനാവിൽ പണമില്ലാത്ത സമയത്ത് കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സർക്കാർ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കുക. 

ബജറ്റിലെ പ്രവാസികളുടെ വിഹിതം പരിശോധിച്ചപ്പോൾ തോന്നിയത് നടപ്പിലാവാത്ത വാഗ്ദാനങ്ങൾ കൊണ്ട് നിറച്ച പ്രകടനപത്രിക പോലെയായിട്ടുണ്ട് ബജറ്റുകൾ എന്നാണ്. മുൻ ബജറ്റുകളിൽ പ്രവാസികളുടെ ക്ഷേമത്തിനു വകയിരുത്തിയ തുകയും പദ്ധതികളും എന്തായി എന്ന് പഠിച്ചാൽ ഇതു വ്യക്തമാകും. ഇക്കുറി വൻ വാഗ്ദാനങ്ങൾ ഒന്നുമില്ല എന്നത് ആശാവഹമായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2024-25 സാമ്പത്തിക വർഷം നോർക്കയുടെ വിവിധ പ്രവർത്തനങ്ങൾക്കായി വകയിരുത്തുന്ന തുക പരാമർശിച്ചുകൊണ്ടാണ് ബജറ്റിൽ പ്രവാസികൾക്കുള്ള പരിഗണന ചേർത്തിരിക്കുന്നത്. ആഗോള മാന്ദ്യത്തിൻ്റേയും ഗൾഫ് രാജ്യങ്ങളിലെ ദേശീയവൽക്കരണത്തിന്റേയും ഫലമായി കേരളത്തിലേക്ക് തിരികെയെത്തുന്നവരെ പുനരധിവസി പ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച NDPREM പദ്ധതിക്കായി 25 കോടി രൂപയാണ് വകയിരുത്തുന്നത്. 

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിയ്ക്കായി 44 കോടി രൂപ മാറ്റിവെക്കുന്നു. കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലിചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സാ സഹായം, 68 ലക്ഷം രൂപവരെ മരണാനന്തര ധനസഹായം, 15,000 രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുളളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള 'സാന്ത്വന' പദ്ധതിക്ക് വേണ്ടി 33 കോടി രൂപയും മാറ്റി വയ്ക്കുന്നുണ്ട്. 

ദി നോൺ റസിഡൻ്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 12 കോടി രൂപയും ബജറ്റ് വകയിരുത്തുന്നു. ഇത്രയും ചെറിയ വിഹിതം കൊണ്ട് സാധിക്കേണ്ട ലക്ഷ്യങ്ങൾ ഈ ബജറ്റ് വാചകങ്ങളിൽ തന്നെയുണ്ട്. വിദേശനാണ്യം ഏറ്റവും കൂടുതൽ കേരളത്തിലേക്കെത്തിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ഒരു തട്ടിലും ഈ ബജറ്റ് വിഹിതം മറ്റൊരു തട്ടിലും വെച്ചാൽ അജഗജാന്തരം എന്നാലെന്തെന്ന് ഏതൊരാൾക്കും മനസ്സിലാകും. അതുകൊണ്ട് കിട്ടിയത് ലാഭം തിത്തൈ താളം എന്നൊരു പാട്ടുപാടി സർക്കാരിനു കയ്യടിക്കാം നമുക്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.