കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ മാറ്റി; ഇനി ഹജറുൽ അസ്‍വദിനെ നേരിട്ട് തൊടാം
Wed, 3 Aug 2022

റിയാദ്: മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ രണ്ട് വര്‍ഷത്തിന് ശേഷം എടുത്തുമാറ്റി. വിശ്വാസികള്‍ക്ക് ഇനി ഹജറുല്‍ അസ്‍വദിനെ നേരിട്ട് തൊടാനും ചുംബിക്കാനും സാധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2020 ജൂലൈ മാസത്തില്‍ കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് ബാരിക്കേഡുകള്‍ ഹറം ജീവനക്കാര്‍ എടുത്തു മാറ്റിയത്. ഇതോടെ രണ്ടുവർഷത്തിന് ശേഷം വിശ്വാസികൾക്ക് കഅബയുടെ അടുത്ത് പോകാനും അതിന്റെ ചുവരുകളിൽ തൊട്ട് പ്രാര്‍ത്ഥിക്കാനും മുൻവശത്ത് വലത് മൂലയിൽ ഉള്ള ഹജറുൽ അസ്‍വദിനെ (കറുത്ത ശില) ചുംബിക്കാനും അവസരമൊരുങ്ങി. അതിന്റെ സായൂജ്യത്തിലാണ് വിശ്വാസികൾ.