ജിദ്ദയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയുമായി സൗദി മന്ത്രിസഭ

google news
jeddah


റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ചെങ്കടല്‍ തീരത്തെ ജിദ്ദയെ ലോകത്തെ മികച്ച നഗരമാക്കാന്‍ പദ്ധതി. ഇതിനായി ഡവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അതോറിറ്റിക്ക് അംഗീകാരം നല്‍കിയത്. അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ്.

മക്ക ഗവര്‍ണര്‍, മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍, സാംസ്‌കാരിക മന്ത്രി, ജിദ്ദ ഗവര്‍ണര്‍, വാണിജ്യ മന്ത്രി, ടൂറിസം മന്ത്രി, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണര്‍, എന്‍ജി. ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍-സുല്‍ത്താന്‍, ജിദ്ദ മേയര്‍ എന്നിവരെ അതോറിറ്റി അംഗങ്ങളാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജിദ്ദ വികസന അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന് സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും മക്ക ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ജിദ്ദ മേയറും നന്ദി അറിയിച്ചു.

ജിദ്ദ ഗവര്‍ണറേറ്റ് പ്രോജക്ട് ഓഫീസിനെ ജിദ്ദ വികസന അതോറിറ്റിയായി മാറ്റാനുള്ള ഉത്തരവ് തീര്‍ഥാടകരുടെ കവാടമായ ജിദ്ദ നഗരത്തിന്റെ ചരിത്രപരമായ നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു. 

Tags