സൗദിയില്‍ വാഹനങ്ങള്‍ ഓടുമ്പോള്‍ ഇറങ്ങുകയോ കയറുകയോ ചെയ്താല്‍ വലിയ തുക പിഴ
സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുകയോ അതില്‍ കയറുകയോ ചെയ്യരുതെന്ന് പൊതുസുരക്ഷ വിഭാഗം വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പൊതുസുരക്ഷ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വാഹനങ്ങള്‍ ഓടുമ്പോള്‍ ഇറങ്ങുകയോ കയറുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമാണ്. അത് ജീവന്‍ അപകടത്തിലാക്കുകയും ട്രാഫിക്ക് കുരുക്കുണ്ടാക്കുകയും ചെയ്യും. ഇതിന് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി. സഞ്ചരിക്കുന്ന വാഹനത്തില്‍ ഇങ്ങനെ ചെയ്യുന്നത് ട്രാഫിക് നിയമലംഘന പട്ടികയിലെ അഞ്ചാമത്തെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, റെയില്‍വേ ലൈനുകളില്‍ നിര്‍ത്തുക, നടപ്പാതകളിലൂടെ ഡ്രൈവിങ് നടത്തുക, നിരോധിത സ്ഥലങ്ങളില്‍ ഓവര്‍ടേക്കിങ്ങ് നടത്തുക ഇക്കൂട്ടത്തിലുള്ള കുറ്റങ്ങളാണ്.