സൗദിയില്‍ മഴ ശക്തം ; വാഹനം ഒഴുക്കില്‍പ്പെട്ട് നാലു മരണം

saudi
saudi

സൗദി അറേബ്യയില്‍ തെക്കന്‍ പ്രവിശ്യയായ അസീറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലും ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. പ്രദേശത്തെ അല്‍ ബയ്ഹഖി സ്‌കൂള്‍ ഡയറ്കടറും പ്രിന്‍സിപ്പലുമായ മുഈദ് അല്‍ സഹ്‌റാനിയും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് അസീര്‍ പ്രവിശ്യയിലെ അല്‍ ബാര്‍ക് ഗവര്‍ണറേറ്റ് പരിധിയിലെ അംക് പട്ടണത്തില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഇവരുടെ 11 വയസ് പ്രായമുള്ള മകന്‍ മാത്രമാണ് രക്ഷപ്പെട്ടത്. അപകട വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കനത്ത മഴയെ തുടര്‍ന്ന് വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. വാഹനം 10 കിലോമീറ്റര്‍ അകലേക്ക് ഒലിച്ചുപോവുകയും ചെയ്തു. വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സിന് കീഴിലുള്ള റെസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തിനെത്തി. റെസ്‌ക്യൂ ടീം മരിച്ച മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Tags