സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Malayalee dies of heart attack in Saudi

റിയാദ്: സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി മധ്യപ്രവിശ്യയിലെ ബീഷയിലാണ് കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന്‍ എന്ന അലി (66) മരിച്ചത്. 20 വര്‍ഷമായി ബിഷയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ചഭക്ഷണം കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഏതാനും മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബീഷയില്‍ ഖബറടക്കാന്‍ അലിയുടെ കുടുംബം സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹായത്തിന് കരാട്ടുചാലി ലത്തീഫ്, മൊറയൂര്‍ കലമ്പന്‍, നാസര്‍ പാണ്ടിക്കാട് എന്നിവരുമുണ്ട്.

Share this story