പ്രവാസി ഒളിച്ചോടിയെന്ന് വ്യാജരേഖ; സൗദി തൊഴിലുടമ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

google news
court

വിദേശ തൊഴിലാളി ഒളിച്ചോടിയെന്ന് (ഹുറൂബ് കേസ്) വ്യാജരേഖയുണ്ടാക്കിയ തൊഴിലുടമയ്‌ക്കെതിരേ സൗദി ലേബര്‍ കോടതിയുടെ വിധി. വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ (ഏകദേശം 39,82,327 രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ ലേബര്‍ ബെഞ്ച് വിധിച്ചു.
നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനാണ് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയത്. വിദേശ തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ യഥാസമയം സൗദി ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ തൊഴിലാളികളോടുള്ള പ്രതികാര നടപടിയായി ഹുറൂബ് നിയമം ചില സ്‌പോണ്‍സര്‍മാര്‍ ദുരുപയോഗം ചെയ്യാറുണ്ട്. കഫാല സമ്പ്രദായം പാലിക്കാതിരിക്കുമ്പോഴും ഇഷ്ടാനുസരണം ജോലി ചെയ്യുമ്പോഴും ആണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ആനുകൂല്യങ്ങള്‍ തടയാന്‍ ഹുറൂബാക്കുന്ന സംഭവം അപൂര്‍വമാണ്.

വിദേശ തൊഴിലാളി തൊഴിലുടമക്കെതിരെ ലേബര്‍ കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ നേടിയെടുത്ത് അനുകൂല വിധി സമ്പാദിച്ചത്. മതിയായ കാരണമില്ലാതെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയും വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ക്കാതിരിക്കുകയും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് റിലീസ് നല്‍കാതിരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags