സ്കൂൾ അവധിക്കാലത്തെ തിരക്ക് കുറഞ്ഞു ; ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾ
flight

മനാമ: സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കുറഞ്ഞതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും കുറച്ചു. അവധിക്കാലത്തെ അമിത നിരക്കിൽ വളരെ ബുദ്ധിമുട്ടിയാണ് മിക്കവരും നാട്ടിലേക്ക് പോയത്. തിരക്കുള്ള സമയങ്ങളിലെ അന്യായ നിരക്ക് വർധന അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പ്രവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്നാണ് ഒടുവിൽ കേന്ദ്ര സർക്കാറും പറഞ്ഞിരിക്കുന്നത്.

തിരക്കുള്ള സമയങ്ങളിൽ അധിക സർവിസ് നടത്തി യാത്രാക്ലേശം പരിഹരിക്കുന്നതിന് പകരം നിരക്കുയർത്തി ചൂഷണം ചെയ്യുന്നതിനെയാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് മൂലം യാത്ര മുടങ്ങിയ പല കുടുംബങ്ങളും ഇത്തവണ നാട്ടിലേക്ക് പോയിട്ടുണ്ട്. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങൾക്ക് വൻതുകയാണ് ടിക്കറ്റിന് മാത്രം ചെലവഴിക്കേണ്ടി വന്നത്.

ഇപ്പോഴെങ്കിലും നിരക്ക് കുറഞ്ഞല്ലോ എന്നോർത്ത് ആശ്വസിക്കുകയാണ് പ്രവാസികളായ യാത്രക്കാർ. എയർ ഇന്ത്യ എക്സ്പ്രസിൽ ആഗസ്റ്റിലെ പല ദിവസങ്ങളിലും 78.40 ദിനാറിന് (ഏകദേശം 16,346 രൂപ) കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യമാണ്. 87.40 ദീനാറാണ് (ഏകദേശം 18,223 രൂപ) ഉയർന്ന നിരക്ക്. സെപ്റ്റംബറിൽ മിക്ക ദിവസങ്ങളിലും 87.40 ദീനാറാണ് കോഴിക്കോട്ടേക്കുള്ള കുറഞ്ഞ നിരക്ക്. ഗൾഫ് എയറിന് ആഗസ്റ്റിലും സെപ്റ്റംബറിലും മിക്ക ദിവസങ്ങളിലും 104.800 ദീനാറാണ് (ഏകദേശം 21, 851 രൂപ) കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. പുതുതായി സർവിസ് ആരംഭിച്ച ഇൻഡിഗോ 67 ദീനാറാണ് (ഏകദേശം 13,969 രൂപ) കോഴിക്കോട്ടേക്ക് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

അതേസമയം, അവധി കഴിഞ്ഞ് നാട്ടിൽനിന്ന് ആളുകൾ തിരിച്ചുവരുന്ന സമയത്ത് ബഹ്റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെയാണുള്ളത്. ആഗസ്റ്റിൽ ഗൾഫ് എയർ കോഴിക്കോട്ടുനിന്ന് 28,176 രൂപ മുതൽ 43,291 രൂപ വരെയാണ് വിവിധ ദിവസങ്ങളിൽ ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസാകട്ടെ, 27,607 രൂപ മുതൽ 40,478 രൂപ വരെ ഈടാക്കുന്നുണ്ട്. ഇൻഡിഗോ ആഗസ്റ്റിൽ 20,917 രൂപ മുതൽ 24,251 രൂപ വരെയാണ് കോഴിക്കോടുനിന്ന് ഈടാക്കുന്നത്. സെപ്റ്റംബറിൽ 15,924 രൂപ മുതൽ 23,518 രൂപ വരെയാണ് ഇൻഡിഗോ വെബ്സൈറ്റിൽ കാണിക്കുന്ന ടിക്കറ്റ് നിരക്ക്.
 

Share this story