വീടിനു മുന്നിലെ പൊതുനിരത്തിൽ തടസ്സമുണ്ടാക്കിയാൽ 3000 റിയാൽ പിഴ
fine

ജിദ്ദ : താമസ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ പൊതു നിരത്തുകളില്‍ മാര്‍ഗ തടസ്സമുണ്ടാക്കും വിധം കുറ്റികളും മറ്റും സ്ഥാപിക്കുന്നവര്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. മറ്റ് പാര്‍ക്കിംഗുകള്‍ തടയുന്നതിനായി കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലം അടച്ചിടാന്‍ വീട്ടുടമകള്‍ക്ക് അവകാശമില്ലെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അല്‍ ബഖാമി പറഞ്ഞു. തെരുവ് ഉപയോഗിക്കുന്നത് പൊതുഅവകാശമാണെന്നും കെട്ടിട ഉടമകളുടെ അവകാശ പരിധിക്കുള്ളിലല്ലെന്നും അദ്ദേഹം പറഞ്ഞു.നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുമെന്ന് അല്‍-ബഖാമി പറഞ്ഞു. പിഴ ഈടാക്കുന്നതിനു പുറമെ, സ്ഥാപിച്ചിട്ടുള്ള തടസ്സങ്ങള്‍ സ്വന്തം ചെലവില്‍ നീക്കിനല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടിന് മുന്നിലുള്ള പാര്‍ക്കിംഗ് സ്ഥലം പലതും വീട്ടുടമസ്ഥന്റേതല്ല. അവ പൊതുസ്ഥലമാണ്. അതേമയം കെട്ടിടങ്ങള്‍ക്ക് തന്റെ സ്ഥലപരിധിയില്‍ ഉള്‍പ്പെടുന്ന രീതിയില്‍ ഭൂമിയുടെയും കെടിടങ്ങളുടെയും രേഖയില്‍ പാര്‍ക്കിംഗ് അടയാളപ്പെടുത്തിയവര്‍ക്ക് അത് കെട്ടിട ഉടമയുടെ സ്വത്തായിരിക്കുമെന്നും, പൊതു തെരുവിന്റെ ഭാഗമായിരിക്കില്ലെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.

Share this story