ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്

google news
COURT

മനാമ : ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്. 33 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 40 വയസിന് മുകളില്‍ പ്രായമുള്ള കെനിയന്‍ സ്വദേശിനിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഗുദൈബിയയില്‍ വെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ആയിരുന്നു കൊലപാതകം.

കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. മരണപ്പെട്ട വനിതയുടെ സുഹൃത്തുക്കളായ രണ്ട് പേര്‍ അവരെ അന്വേഷിച്ച് അപ്പാര്‍ട്ട്മെന്റിലെത്തുകയും കാണാതെ വന്നപ്പോള്‍ സെക്യൂരിറ്റിയോട് അന്വേഷിക്കുകയുമായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലായി. പെട്ടെന്നുള്ള ദേഷ്യത്തില്‍ കൊലപാതകം നടത്തിയതാണെന്നായിരുന്നു ഇയാളുടെ മൊഴി.

കാമുകി തന്റെ കുടുംബാംഗങ്ങളില്‍ ചിലരുടെ ഫോട്ടോകള്‍, ലൈംഗിക തൊഴിലാളികളെന്ന അടിക്കുറിപ്പോടെ  ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തെന്നും ഇതാണ് പ്രകോപനമായതെന്നും ഇയാള്‍ പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ കാമുകിയ്ക്ക് വിറ്റിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ പരിശോധിച്ച അവര്‍ അതില്‍ നിരവധി സ്‍ത്രീകളുടെ ഫോട്ടോകള്‍ കണ്ട്, അവരുമായെല്ലാം യുവാവിന് ബന്ധമുണ്ടെന്ന് ആരോപിക്കുകയായിരുന്നു. ഇതില്‍ ചില ഫോട്ടോകള്‍ എടുത്ത് ഇവര്‍ ലൈംഗിക തൊഴിലാളികളാണെന്നും ആവശ്യമുള്ളവര്‍ 15 ദിനാര്‍ നല്‍കിയാല്‍ മതിയെന്നും അടിക്കുറിപ്പോടെ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തു. ഇത് ചോദ്യം ചെയ്‍തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

യുവതി മദ്യലഹരിയിലായിരുന്നുവെന്നും കൊല്ലുന്നതിന് മുമ്പ് ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കാമുകിയുടെ ഷോള്‍ ഉപയോഗിച്ച് രണ്ട് മിനിറ്റോളം ശ്വാസം മുട്ടിച്ചെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷോളില്‍ നിന്നും മുറിയിലുണ്ടായിരുന്ന മറ്റ് സാധനങ്ങളില്‍ നിന്നും ഇയാളുടെ ഡിഎന്‍എ കണ്ടെത്തി. ശ്വാസം മുട്ടിച്ചതാണ് മരണത്തിന് കാരണമായതെന്ന് യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

വിചാരണയ്ക്കിടെ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും നിരവധി തെളിവുകളുണ്ടായിരുന്നതിനാല്‍ കോടതി 25 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും. അതേ സമയം യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പിന്നീട് മറ്റൊരു പാകിസ്ഥാന്‍ പൗരന്‍ മോഷ്ടിക്കുകയും ചെയ്‍തിരുന്നു. ഇയാള്‍ക്ക് 12 മാസം ജയില്‍ ശിക്ഷയും വിധിച്ചു.

Tags