കുവൈത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധന ; നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും
ചൂട് ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗവും കുവൈത്തില്‍ വര്‍ദ്ധിച്ചു. വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച അതിന്റെ പാരമ്യതയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ആവശ്യകത സൂചിക റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നു. അത് അപകടകരമായ നിലയിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ, വൈദ്യുതി ഉപഭോഗം 17,640 മെഗാവാട്ടില്‍ എത്തി.
രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി ഉപഭോഗത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായത്. അടിയന്തര ഘട്ടങ്ങളെ നേരിടാനും പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനുമായി, വൈദ്യുതി, ജലം, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം അതിന്റെ എമര്‍ജന്‍സി ടീമുകളെ സജീവമാക്കിയിട്ടുണ്ട്. ബാക്കപ്പ് ജനറേറ്ററുകള്‍ വിന്യസിക്കുകയും പ്രധാന വൈദ്യുത വിതരണ ശൃംഖലകള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക ടീമുകളെ സജ്ജരാക്കുകയും ചെയ്തു.