ദുബൈയില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
accident
ആഡംബര കാര്‍ ഓടിച്ചിരുന്ന 30 വയസുകാരിയായ യുവതി ശിക്ഷാ ഇളവ് തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്.

ദുബൈ: ദുബൈയില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. ജബല്‍ അലിയിലായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് പൊലീസുകാരന്റെ കാല്‍ മുറിച്ചുമാറ്റി.

 ആഡംബര കാര്‍ ഓടിച്ചിരുന്ന 30 വയസുകാരിയായ യുവതി ശിക്ഷാ ഇളവ് തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്.

മാര്‍ച്ച് 21ന് ആയിരുന്നു അപകടം നടന്നതെന്ന് കോടതി രേഖകള്‍ പറയുന്നു. യുഎഇ സ്വദേശിനി ഓടിച്ച പോര്‍ഷെ കാറാണ് പൊലീസുകാരനെയും മറ്റൊരാളെയും ഇടിച്ചുവീഴ്‍ത്തിയത്. സംഭവദിവസം ഒരു കാര്‍ റോഡിന് നടുവില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് പൊലീസ് പട്രോള്‍ വാഹനം സ്ഥലത്തെത്തുകയായിരുന്നു.

 കേടായ വാഹനം റോഡിന്റെ ഒരു വശത്തേക്ക് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ പോര്‍ഷെ കാറാണ് അപകടമുണ്ടാക്കിയത്.

പൊലീസ് വാഹനം സൈറന്‍ മുഴക്കുകയും ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും ചെയ്‍തിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കേടായ വാഹനത്തിലേക്ക് ആഡംബര കാര്‍ അമിത വേഗതയില്‍ ഇടിച്ചുകയറി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

Share this story