ബഹറിനിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു ; മുന്നറിയിപ്പുമായി അധികൃതർ

google news
Cyber ​​crime

 മനാമ : വ്യക്തഗത വിവരങ്ങൾ ചോർത്തി ഓൺലൈൻ തട്ടിപ്പിലൂടെ ധനാപഹരണം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നാണെന്ന് പറഞ്ഞ് വ്യക്തിഗതവും ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുമുള്ള വിവരങ്ങൾ ആരെങ്കിലും ചോദിച്ചാൽ നൽകരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അറിയിപ്പ് പ്രസിദ്ധീകരിച്ചു. വാട്സ്ആപ് പോലുള്ള സ്മാർട്ട്ഫോൺ ആപ്പുകളിലൂടെ ബന്ധപ്പെട്ട് ഇത്തരം വിവരങ്ങൾ ചോദിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിട്ടുണ്ട്. പൊലീസ്, സി.ഐ.ഡി, ആരോഗ്യ മന്ത്രാലയം എന്നിവയുടെ പേരിലൊക്കെ തട്ടിപ്പുകാർ വിളിക്കാറുണ്ട്. ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ആരെങ്കിലും വിളിക്കുന്നത് തട്ടിപ്പിനുള്ള ശ്രമമാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ഇത്തരം കാളുകൾ വന്നാൽ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടതെന്നും അധികൃതർ ഓർമിപ്പിക്കുന്നു. ബെനഫിറ്റ് പേ അക്കൗണ്ടിലെ സി.പി.ആറിന്റെ കാലാവധി കഴിഞ്ഞുവെന്നും സി.പി.ആർ അപ്ഡേറ്റ് ചെയ്യാൻ സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള എസ്.എം.എസുകളും വ്യാപകമായി ലഭിക്കാറുണ്ട്. ഇത്തരം എസ്.എം.എസ് സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് സെൻട്രൽ ബാങ്ക് ഓർമിപ്പിക്കുന്നു. ബെനഫിറ്റ് പേ എസ്.എം.എസ് വഴി വ്യക്തിഗത വിവരങ്ങൾ ചോദിക്കാറില്ലെന്നതും മറക്കരുത്. ഓൺലൈൻ തട്ടിപ്പുകളിലൂടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായ സംഭവങ്ങൾ ഗൾഫ് മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരന്തര ബോധവത്കരണമുണ്ടായിട്ടും തട്ടിപ്പ് തിരിച്ചറിയാതെ വ്യക്തിഗത വിവരങ്ങൾ നൽകുന്നവർ ഇപ്പോഴുമുണ്ട്. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുമ്പോഴാണ് ഇവർ തട്ടിപ്പ് തിരിച്ചറിയുന്നത്.

ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഇത്തരം തട്ടിപ്പ് സംഭവങ്ങൾ ഓർമിപ്പിക്കുന്നു. ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉന്നത നിലവാരത്തിലുള്ള സുരക്ഷ മാർഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, വ്യക്തികൾതന്നെ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് പറഞ്ഞുകൊടുത്താൽ എന്ത് ചെയ്യുമെന്നാണ് സൈബർ വിദഗ്ധർ ചോദിക്കുന്നത്.

എസ്.എം.എസിലൂടെയോ വാട്സ്ആപ് വഴിയോ ഫോണിൽ വിളിച്ചോ വ്യക്തിഗത വിവരങ്ങൾ ആരെങ്കിലും ചോദിച്ചാൽ അത് തട്ടിപ്പായിരിക്കുമെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ആളുകൾ കാണിച്ചാൽതന്നെ ഇത്തരം സൈബർ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വ്യത്യസ്ത നമ്പറുകളിൽ തട്ടിപ്പുകാർ ആളുകളെ വിളിക്കാറുണ്ട്. ബഹ്റൈൻ നമ്പറിൽനിന്നാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വിദേശങ്ങളിൽനിന്ന് വിളിക്കുന്ന തട്ടിപ്പുകാരുമുണ്ട്. പരിചിതമായ നമ്പറുകളിൽനിന്ന് കാൾ വന്നാൽ പരമാവധി ജാഗ്രത പാലിക്കുകയാണ് വേണ്ടത്. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആന്‍റി സൈബർ ക്രൈം ഡയറക്ടറേറ്റിലെ 992 എന്ന ഹോട്ലൈൻ നമ്പറിൽ വിളിച്ചോ +973 17108108 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടോ പരാതി നൽകാവുന്നതാണ്.
 

Tags