അബുദാബിയിൽ ക്ലാസ് മുറിയിലെ അടിപിടിയില്‍ സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്ത വിദ്യാര്‍ത്ഥിയുടെ പിതാവിന് പിഴയുമായി കോടതി

court

അബുദാബി: ക്ലാസ് മുറിയിലെ അടിപിടിയില്‍ സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്ത വിദ്യാര്‍ത്ഥിയുടെ പിതാവിന് പിഴയുമായി കോടതി.  വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിയതോടെയാണ് രക്ഷിതാക്കള്‍ക്ക് കോടതിയുടെ കടുത്ത നടപടി നേരിട്ടത്. ഇരുപതിനായിരം ദിര്‍ഹമാണ് നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് അബുദാബി സിവില്‍ കോടതിയുടെ ശിക്ഷ. 150000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് കോടതിയെ സമീപിച്ചത്.

ക്യാംപസിനുള്ളില്‍ വച്ചുണ്ടായ അടിപിടിയില്‍ മകന്‍റ മൂക്കിന് ഗുരുതര പരിക്കേറ്റുവെന്നാണ് പിതാവ് അല്‍ എയ്നിലെ സിവില്‍ കോടതിയില്‍ വ്യക്തമാക്കിയത്. മകന് അടിപിടിക്കും പരിക്കിനും പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും നേരിടേണ്ടി വന്നുവെന്നും രക്ഷിതാവ് കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ മൂക്കിന് സംഭവിച്ചത് ഗുരുതര പരിക്കല്ലെന്നാണ് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയത്. മൂക്കിന്‍റെ എല്ലിന് നിസാര പൊട്ടലാണ് ഉണ്ടായിരുന്നത്.

ഇതിന് ആശുപത്രിയില്‍ വച്ച് മതിയായ ചികിത്സയും നല്‍കിയെന്നും ഫോറന്‍സിക് വിഭാഗം കണ്ടെത്തി. ഇതോടെയാണ് 20000 ദിര്‍ഹം നഷ്ടപരിഹാരം മതിയെന്ന് കോടതി ഉത്തരവിട്ടത്. ഇത്തരം അക്രമ സംഭവങ്ങളില്‍ തുടര്‍ന്ന് ഏര്‍പ്പെടില്ലെന്ന ഉറപ്പ് വാങ്ങിയാണ് സഹപാഠിയുടെ മൂക്കിടിച്ച് പരത്തിയ കുട്ടിയെ രക്ഷിതാവിന് കൈമാറിയത്. പരിക്കേറ്റ കുട്ടിയുടെ അവസ്ഥയില്‍ മാറ്റമുണ്ടെന്നും പരിക്ക് ഭേദമായെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഈ കോടതി വിധിയെ ചോദ്യം ചെയ്ത് ഉയര്‍ന്ന കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതിയുടെ തീരുമാനം ശരി വയ്ക്കുക മാത്രമാണ് ഹൈക്കോടതി ചെയ്തത്. 

Share this story