വസ്ത്രക്കടയുടെ മറവിൽ പുകയില വിൽപ്പന; ഒമാനിൽ വിദേശിക്ക് ആയിരം റിയാൽ പിഴ
Tue, 2 Aug 2022

ഒമാനിൽ റെഡിമെയ്ഡ് വസ്ത്രക്കടയുടെ മറവിൽ പുകയില ഉൽപന്നങ്ങൾ വിറ്റ വിദേശിക്ക് ആയിരം റിയാൽ പിഴ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിച്ച പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയത്.
റെഡിമെയ്ഡ് വസ്ത്രക്കടയുടെ പിന്നിലെ ചെറിയൊരു മുറിയിൽ ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.