പക്ഷിപ്പനി ; പോളണ്ടിൽനിന്ന്​ കോഴി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി

google news
egg

റിയാദ്​ : സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്​.ഡി.എ) പോളണ്ടിലെ വീൽകോപോൾസ്കി മേഖലയിൽ നിന്ന് കോഴിയിറച്ചി, മുട്ടകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ, കോഴിഫാമിനാവശ്യമായ ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക വിലക്ക് .

വീൽകോപോൾസ്കി മേഖലയിൽ കടുത്ത പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ്​ അതോറിറ്റിയുടെ തീരുമാനം. അതേസമയം ഉയർന്ന രോഗകാരിയായ പക്ഷിപ്പനി വൈറസിനെ ഇല്ലാതാക്കാൻ ശേഷിയുള്ള ഹീറ്റ് ട്രീറ്റ്‌മെന്റിന് വിധേയമാക്കിയ കോഴിയിറച്ചി, ടേബിൾ മുട്ടകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ എന്നിവയെ താൽക്കാലിക നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആരോഗ്യ മുൻകരുതലുകൾക്കും നിയന്ത്രണങ്ങൾക്കും നിലവാരം സംബന്ധിച്ച അംഗീകൃത മാനദണ്ഡങ്ങൾക്കും അനുസൃതമായി, ഉൽപ്പന്നം വൈറസിൽ നിന്ന് മുക്തമാണെന്ന് സ്ഥിരീകരിക്കുന്ന പോളണ്ടിന്റെ അംഗീകാരമുള്ള ഔദ്യോഗിക സ്ഥാപനങ്ങൾ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റി​ന്റെ അടിസ്ഥാനത്തിലായിരിക്കും നിരോധനത്തിൽനിന്ന്​ ഇവ​ ഒഴിവാക്കുക.

Tags