ബഹ്റൈനില്‍ നിന്ന് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ പ്രത്യേക നിര്‍ദേശം
indian
ബഹ്റൈനിലേക്ക് സന്ദര്‍ശകരായെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

മനാമ: ബഹ്റൈനിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബഹ്റൈനിലെത്തിയ നിരവധി സന്ദര്‍ശകരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ മടക്കി അയച്ച സാഹചര്യത്തിലാണ് മനാമയിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

ബഹ്റൈനിലേക്ക് സന്ദര്‍ശകരായെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

അറിയിപ്പ് പ്രകാരം ബഹ്റൈനിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ താമസത്തിനുള്ള രേഖകള്‍ കാണിക്കണം. ഹോട്ടല്‍ ബുക്കിങ് കണ്‍ഫര്‍മേഷനോ അല്ലെങ്കില്‍ സ്‍പോണ്‍സറുടെ വിലാസം തെളിയിക്കുന്ന ഇലക്ട്രിസിറ്റി ബില്‍, വാടക കരാര്‍ പോലുള്ള രേഖകളോ വേണം. സ്‍പോണ്‍സറുടെ കവറിങ് ലെറ്ററും സി.പി.ആര്‍ റീഡര്‍ കോപ്പിയും ഇതോടൊപ്പം ഹാജരാക്കണം. താമസ രേഖയ്ക്ക് പുറമെ ബഹ്റൈനില്‍ നിന്ന് തിരികെ പോകാനുള്ള ടിക്കറ്റും സന്ദര്‍ശകരുടെ കൈശമുണ്ടാവണം. ഈ ടിക്കറ്റില്‍ സാധുതതയുള്ള ടിക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്.

ഇലക്ട്രോണിക് വിസയില്‍ വരുന്നവരുടെ കൈവശം ബഹ്റൈനില്‍ ജീവിക്കാനുള്ള പണം ഉണ്ടായിരിക്കണം. ബഹ്റൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡോ അല്ലെങ്കില്‍ പ്രതിദിനം 50 ദിനാര്‍ വീതം കണക്കാക്കിയുള്ള തുകയോ ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച് വിവിധ വിമാനക്കമ്പനികളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Share this story