മോശം കാലാവസ്ഥ; 'അഹ്‌ലന്‍ മോദി' പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറച്ചു

google news
ahlan modi

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അബുദബിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'അഹ്‌ലന്‍ മോദി' പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറച്ചു. 85000 പേരില്‍ നിന്ന് 35,000 ആയാണ് കുറച്ചിരിക്കുന്നത്. യുഎഇയില്‍ ഒറ്റരാത്രികൊണ്ട് കനത്ത മഴയും ഇടിമിന്നലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥ രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും കാരണമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.


അബുദബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മോദി പങ്കെടുക്കുന്ന 'അഹ്‌ലന്‍ മോദി' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധ ചെയ്ത് സംസാരിക്കും. 'അഹ്‌ലന്‍ മോദി' ഏറ്റവും വലിയ പ്രവാസി പരിപാടികളിലൊന്നായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ 150ല്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags