ഷാർജയിലെ അല്‍ ഹഫയ്യ തടാകം സന്ദർശകർക്കായ് തുറന്നു

Al Hafiya Lake

ഷാർജ എമിറേറ്റിലെ മലയോര, തീരദേശ മേഖലയായ കൽബയിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം തുറന്നു. കൽബയിലെ ഏറ്റവുംപുതിയ ആകർഷണമായ അൽ ഹഫിയ്യ തടാകമാണ് സന്ദർശകർക്കായ് തുറന്നത്. തടാകത്തിന്റെ സ്മാരകഫലകം ഡോ. ഷെയ്ഖ് സുല്‍ത്താന്‍ അനാച്ഛാദനം ചെയ്തു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. കിരീടാവകാശിയും ഷാര്‍ജാ ഡെപ്യൂട്ടി റൂളറുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷെയ്ഖ് അബ്ദുള്ള ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു.

ഷാര്‍ജ-കല്‍ബ റോഡില്‍ അല്‍ ഹിയാര്‍ ടണലിന് സമീപത്താണ് തടാകം. പാരിസ്ഥിതിക വൈവിധ്യം വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് തുറന്നിരിക്കുന്ന തടാകം. അതിനൊപ്പം എമിറേറ്റിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനുള്ള തന്ത്രപ്രധാനമായ ജലസംഭരണിയായി പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിടുന്നു. ഷാര്‍ജയിലെ നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ് 132000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അല്‍ ഹഫയ്യ തടാകം.

അതിനൂതനമായ സാങ്കേതികവിദ്യകളാണ് തടാകത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മലയോര കാലാവസ്ഥയ്ക്ക് അനുയോജ്യമായ നൂതന നിര്‍മാണ സാമഗ്രഹികള്‍, ബാക്കി വന്ന വെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം, മഴവെള്ള സംഭരണം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

സന്ദർശകർക്ക് തടാകത്തിലെ കാഴ്ചകളും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുന്നതിന് തടാകത്തിന് ചുറ്റുമായി 3.17 കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാതയുണ്ട്. മാലിന്യ മുക്തമാക്കുന്നതിന് മൂന്ന് തടയണകളും ഫിൽറ്ററുകളുമുണ്ട്. കുട്ടികൾക്കായുള്ള 620 ചതുരശ്ര മീറ്റർ കളിസ്ഥലമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. വിനോദ, കായിക പ്രവർത്തനങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് കളിസ്ഥലത്തുള്ളത്.