ഉംറ വിസയിൽ ഏത് വിമാനത്താവളത്തിലും ഇറങ്ങാം
hajj

ജിദ്ദ: ഉംറ തീർഥാടകന് രാജ്യത്തെ ഏത് അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളത്തിലൂടെയും സൗദിയിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം. രാജ്യത്തുടനീളം സഞ്ചരിക്കാനും അനുമതിയുണ്ട്. പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും. മുമ്പ് ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ.

അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റംവരുത്തിയത്. അതേസമയം ഈ സീസൺ മുതൽ, അതിഥികളായി ആളുകളെ കൊണ്ടുവന്ന് ഉംറ നിർവഹിപ്പിക്കാൻ രാജ്യത്തെ താമസക്കാർക്ക് അനുമതി നൽകിയിരുന്ന 'ഉംറ അതിഥി' (ഉംറ ഗസ്റ്റ്) വിസ സംവിധാനം റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസ സംബന്ധിച്ച് എന്ത് പുതിയ വിവരങ്ങളും തങ്ങളുടെ ഔദ്യോഗിക സോഴ്സുകളിൽനിന്ന് വരുന്നവ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.  

Share this story