പെരുന്നാൾ പ്രമാണിച്ച് യുഎഇ– ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന
Plane


അബുദാബി∙ പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബങ്ങൾക്കും കൈ പൊള്ളി.  10 ദിവസത്തിനിടയ്ക്കു റോക്കറ്റ് വേഗത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കണ്ടു യാത്ര വേണ്ടെന്നു വച്ചവരും ഉണ്ട്. കോവിഡ് നിയന്ത്രണം മാറി സാധാരണ എയർലൈനുകൾ സർവീസ് ആരംഭിച്ചാൽ നിരക്കു കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടി. തിരക്കു കൂടുമ്പോൾ നിരക്കു വർധിപ്പിക്കുന്ന പതിവിനു ഇത്തവണയും മാറ്റമുണ്ടായില്ല.


 
ദുബായിൽ നിന്നു കൊച്ചിയിലേക്കു വൺവേയ്ക്ക് ശരാശരി 450 ദിർഹമാണു (7729 രൂപ) ടിക്കറ്റ് നിരക്കെങ്കിൽ പെരുന്നാളിനു തൊട്ടു മുൻപ്, അതായത് ഈ മാസം 30ന് 1550 ദിർഹം (32227 രൂപ) ആയി വർധിച്ചു. ഒരാൾക്ക് നാട്ടിൽ പോയി ഒരാഴ്ചയ്ക്കകം തിരിച്ചുവരണമെങ്കിൽ കുറഞ്ഞത് 2500 ദിർഹം (52000) രൂപ കൊടുക്കണം. പോകാനും വരാനും വ്യത്യസ്ത എയർലൈനുകളിൽ സീറ്റ് തരപ്പെടുത്തിയാലേ ഈ നിരക്കിൽ യാത്ര ചെയ്യാനൊക്കൂ. ഒരേ എയർലൈനിലാണെങ്കിൽ ചിലപ്പോൾ നിരക്ക് ഇനിയും കൂടും.

മേയ് 2ന് പെരുന്നാൾ ആകാനാണു സാധ്യത. പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി ഒരാഴ്ചത്തേക്കു നാട്ടിലേക്കു പോയി വരാൻ നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിർഹം (2 ലക്ഷത്തോളം രൂപ) നൽകണം. ഇത്ര തുക കൊടുത്താൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കില്ല.  മണിക്കൂറുകളുടെ ഇടവേളകളിൽ മറ്റേതെങ്കിലും രാജ്യം വഴി കണക്ഷൻ വിമാനമാണു ലഭിക്കുക. നേരിട്ടു വിമാനത്തിൽ സീറ്റ് ലഭിക്കുകയാണെങ്കിൽ അഞ്ചിരട്ടി തുക കൊടുക്കേണ്ടിവരും.


 

Share this story