പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
accident

സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. സൗദിയുടെ വടക്കന്‍ പ്രവിശ്യയിലെ തുറൈഫില്‍ ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ബസിന്റെ പിന്നില്‍ ട്രക്ക് വന്നിടിച്ചാണ് വന്‍ അപകടമുണ്ടായത്. രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികള്‍ ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് അതി ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഇവര്‍ തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ സാഹചര്യത്തില്‍ കഴിയുകയാണ്. കൂടാതെ 21 പേര്‍ക്ക് ചെറുതും വലുതുമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറു മണിക്കായിരുന്നു സംഭവം. തുറൈഫ് നഗരത്തില്‍ നിന്ന് പോകുന്ന അറാര്‍ ഹൈവേയിലാണ് അപകടം നടന്നത്. 

മരണപ്പെട്ടവരും അപകടം പറ്റിയവരുമെല്ലാം കിഴക്കന്‍ ഏഷ്യക്കാരാണ്. അപകടം പറ്റിയ ഉടനെ തന്നെ സൗദി അറേബ്യന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളും ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share this story