‘തീ’ ആഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും
thee

അനില്‍ വി. നാഗേന്ദ്രന്റെ വ്യത്യസ്തമായ റൊമാന്റിക് – ആക്ഷന്‍ – ത്രില്ലര്‍ ചിത്രം ‘തീ’ ആഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.’വസന്തത്തിന്റെ കനല്‍ വഴികളില്‍’ എന്ന ശ്രദ്ധേയമായ ചിത്രത്തില്‍ ദേശീയ പുരസ്‌കാര ജേതാക്കളായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും നായികാനായകന്മാരാക്കി മലയാള ചലച്ചിത്രലോകത്ത് അവതരിപ്പിച്ച അനില്‍ വി. നാഗേന്ദ്രന്‍, രണ്ടാമത്തെ ചിത്രമായ തീ യില്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ യെയും സാഗരയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു.

ആദര്‍ശധീരരായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും അധികാരശക്തിയും അന്തര്‍ദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തില്‍, അധോലോകനായകനായി പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടന്‍ ഇന്ദ്രന്‍സും ഒരു മാധ്യമ സ്ഥാപന ഉടമയുടെ വേഷത്തില്‍ പ്രേംകുമാറും ‘ഘടോല്‍ക്കചന്‍’ എന്ന വില്ലനായി, വസന്തത്തിന്റെ കനല്‍ വഴികളില്‍ സമുദ്രക്കനിയ്‌ക്കൊപ്പം നായകവേഷം ചെയ്ത ഋതേഷും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് പിഷാരടിയും വിനു മോഹനും അരിസ്റ്റോ സുരേഷും ഉല്ലാസ് പന്തളവും കോബ്രാ രാജേഷും ജയകുമാറും സോണിയ മല്‍ഹാര്‍, രശ്മി അനില്‍ വി.കെ. ബൈജുവും കഥാപാത്രങ്ങളായി എത്തുന്നു.

അഭിനയരംഗത്തും സംഗീതരംഗത്തും നിരവധി പുതുമുഖങ്ങള്‍ക്ക് തീ യില്‍ അവസരം നല്കിയിട്ടുണ്ട്. എം.എസ്.ബാബുരാജിന്റെ കൊച്ചുമകള്‍ നിമിഷ സലിം, ദീര്‍ഘകാലമായി സംഗീതരംഗത്തു നില്ക്കുന്ന ഗായകന്‍ കലാഭവന്‍ സാബു, മണക്കാട് ഗോപന്‍, സോണിയ ആമോദ്, കെ.എസ്. പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ. പപ്പു, നടന്‍ ഉല്ലാസ് പന്തളം തുടങ്ങിയവരെ പിന്നണി ഗാനലോകത്തേക്കെത്തിക്കുന്ന ചിത്രം കൂടിയാണിത്.
 

Share this story