മരുന്നിന്റെ ബ്രാന്റ് പേരിന് പകരം ശാസ്ത്രീയ നാമം കുറിച്ചുതരണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാന്‍ രോഗിക്ക് അവകാശമുണ്ട്: സൗദി ആരോഗ്യമന്ത്രാലയം

google news
medicines

മരുന്നുകളുടെ ബ്രാന്റ് പേരിന് പകരമായി അവയുടെ ശാസ്ത്രീയ നാമം കുറിച്ചുതരണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് അവകാശമുണ്ടെന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം. ബ്രാന്റുകള്‍ മാറുന്നതിനനുസരിച്ച് ഒരേ മരുന്നിന്റെ വിലയില്‍ വലിയ വ്യത്യാസമുണ്ടാകുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പല മരുന്നുകളുടേയും അസംസ്‌കൃത പദാര്‍ത്ഥങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകുന്നില്ലെന്നും ബ്രാന്റ് പേരും വിലയും മാത്രമാണ് വ്യത്യാസപ്പെടുന്നതെന്നും ആരോഗ്യമന്ത്രാലയം ഊന്നിപ്പറഞ്ഞു. മാത്രമല്ല ചില പ്രത്യേക ഫാര്‍മസികളില്‍ നിന്ന് മാത്രമേ മരുന്നുകള്‍ വാങ്ങാവൂ എന്ന് രോഗികളെ ആരും അമിതമായി നിര്‍ബന്ധിക്കരുത്. ഇഷ്ടമുള്ള ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഫാര്‍മസിയില്‍ ഏതൊക്കെ ബ്രാന്റുകളുടെ മരുന്നുകളുണ്ട്, ഈ മരുന്നുകള്‍ തമ്മിലുള്ള വ്യത്യാസമെന്ത് മുതലായ കാര്യങ്ങള്‍ ഫാര്‍മസിസ്റ്റുകളോട് വ്യക്തമായി ചോദിച്ച് മനസിലാക്കാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. ശാസ്ത്രീയ നാമം പറയാന്‍ ഡോക്ടര്‍ തയാറായില്ലെങ്കില്‍ 937 എന്ന നമ്പര്‍ വഴി രോഗികള്‍ക്ക് പരാതി നല്‍കാവുന്നതുമാണ്

Tags