ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ അനുമതിയില്ല

google news
uae
യുഎഇക്ക് പുറമെ സൗദി അറേബ്യയും കുവൈത്തും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ പ്രദര്‍ശന അനുമതി നിഷേധിച്ചു. രാജ്യത്തെ 'മാധ്യമ ഉള്ളടക്ക നിബന്ധകള്‍' ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ് അനുമതി നിഷേധിച്ചത്. ഡിസ്നി  പിക്‌സാര്‍ പുറത്തിറക്കുന്ന 'ലൈറ്റ് ഇയര്‍' ജൂണ്‍ 16ന് റിലീസ് ചെയ്യാനിരിക്കെയാണ് നടപടി.
യുഎഇയിലെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രചരിപ്പിക്കപ്പെടുന്ന ഉള്ളടക്കം അതത് പ്രായ ഭേദമനുസരിച്ച് സുരക്ഷതമാണെന്ന് ഉറപ്പാക്കാനാണിതെന്നും അറിയിച്ചിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദി അറേബ്യയും കുവൈത്തും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 
പ്രശസ്തമായ ടോയ് സ്റ്റോറി എന്ന കാര്‍ട്ടൂണ്‍ സിനിമാ പരമ്പരയുടെ തുടര്‍ച്ചയായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈറ്റ്ഇയര്‍'. ആഗോള തലത്തില്‍ മൂന്ന് ബില്യന്‍ ഡോളറിലധികം നേടിയ ടോയ് സ്റ്റോറി ചിത്രങ്ങളില്‍ ഓരോന്നും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തന്നെ സൃഷ്ടിച്ചിരുന്നു. എന്നാല്‍ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്നു വന്നു.

Tags