മക്ക ഹറം ക്രെയിനപകട കേസിൽ പുനഃരന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

google news
court

റിയാദ്: 108 പേരുടെ ജീവനപഹരിക്കാനും 238 പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കി മക്കയിൽ 2015 സെപ്റ്റംബർ 11നുണ്ടായ ക്രെയിൻ അപകടത്തിൽ പുനഃരന്വേഷണത്തിന് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനൽ കോടതിയുടെയും അത് ശരിവെച്ച അപ്പീൽ കോടതിയുടെയും വിധികൾ സുപ്രീം കോടതി റദ്ദാക്കി.

2020 ഡിസംബറിലാണ് സൗദി ബിൻ ലാദൻ ഗ്രൂപ്പ് ഉൾപ്പെടെ ഈ കേസിലെ 13 പ്രതികളെയും വെറുതെവിട്ടുകൊണ്ട് മക്ക ക്രിമിനൽ കോടതി മൂന്നാമത്തെ വിധി പുറപ്പെടുവിച്ചത്. 2021 ആഗസ്റ്റ് നാലിന് അപ്പീൽ കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു.

കനത്ത മഴയും ഇടിമിന്നലുമാണ് ദുരന്തത്തിന് കാരണമെന്ന് കോടതി തീർപ്പുകൽപ്പിച്ചതോടെ ഈ അധ്യായം അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇ​പ്പോൾ സുപ്രീം കോടതി ഈ തീർപ്പാക്കലിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. മാത്രമല്ല ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാനും തീരുമാനിച്ചു. എല്ലാ കേസുകളും ഒരു പുതിയ ജുഡീഷ്യൽ കമ്മിറ്റി പുനഃപരിശോധിക്കണമെന്നും മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരിൽ ആരെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്നും ഉത്തരവിട്ടു.

സുപ്രീം കോടതി പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികളെയും അപ്പീൽ കോടതിയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചു. 10 പ്രതികളുടെ സാന്നിധ്യത്തിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. മൂന്ന് പ്രതികളോ അവരുടെ പ്രതിനിധികളോ കോടതിയിൽ ഹാജരായിരുന്നില്ല. ഈ പ്രതികളുടെ അഭാവത്തിൽ കേസിന്റെ വിചാരണ പുനഃരാരംഭിക്കാൻ ഉത്തരവിട്ടു.

Tags