തുടർച്ചയായ രണ്ടാം പാദത്തിലും സൗദി ബജറ്റിൽ മിച്ചം; 370 ബില്യൺ റിയാൽ വരവും 292 റിയാൽ ചിലവും
 Saudi budget

സാമ്പത്തിക വർഷത്തിന്റെ തുടർച്ചയായ രണ്ടാം പാദത്തിലും ബജറ്റിൽ മിച്ചം വെച്ച് സൗദി അറേബ്യ. 370 ബില്യൺ റിയാൽ വരവും, 292 റിയാൽ ചിലവും ഉൾപ്പെടുന്നതാണ് ഈ പാദത്തിലെ ബജറ്റ്. ഇതിൽ 70 ബില്യൺ റിയാലാണ് ഈ പാദത്തിൽ സൗദി മിച്ചം വെച്ചത്. പൊതുകടം ഉയർന്ന സൗദിയിൽ അടുത്ത രണ്ട് സാമ്പത്തിക പാദങ്ങൾ നിർണായകമാണ്.

എണ്ണ വില തന്നെയാണ് ഈ സാമ്പത്തിക പാദത്തിൽ സൗദിക്ക് നേട്ടമുണ്ടാക്കിയത് . 89% വളർന്ന എണ്ണവില 150 ബില്യൺ റിയാലാണ് ഈ പാദത്തിൽ സംഭാവന ചെയ്തത്. എണ്ണേതര വരുമാനം മൂന്ന് ശതമാനം കൂടി. ഇതിൽനിന്ന് 120 ബില്യൺ റിയാലും നേട്ടമായി. ആകെ 370 ബില്യൺ റിയാലാണ് വരവ്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലാണ് ഈ കാലയളവിൽ കൂടുതൽ തുക ചിലവഴിച്ചത്. ആകെ ചിലവ് 292 റിയാൽ. സൗദിയുടെ വിദേശ കടത്തിലേക്ക് 17.5 ബില്യൺ റിയാൽ നീക്കി വെച്ചതോടെ ഈ സാമ്പത്തിക പാദത്തിലും പൊതു കടം 8 ബില്യൺ റിയാലോളം ഉയർന്നു.

ഇതോടെ ആഭ്യന്തര കടം 25.4 ബില്യൺ റിയാലായി. ഫലത്തിൽ സൗദിയുടെ സാമ്പത്തിക നില മെച്ചപ്പെടുകയാണ്. ഒരു ട്രില്യൺ റിയാലാണ് ഈ വർഷം സൗദി അറേബ്യ പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ നിന്നും 90 ബില്യൺ റിയാൽ മിച്ചവും സൗദി പ്രതീക്ഷിക്കുന്നു. ഇത് കോവിഡ് സാഹചര്യത്തിൽ പണമെടുത്ത വിദേശ കരുതൽ ശേഖരത്തിലേക്ക് മാറ്റും. 2.9 ശതമാനമായിരുന്നു 2021ലെ സാമ്പത്തിക വളർച്ച. ഈ വർഷം അത് 7.4 ശതമാനമായി ഉയരുമെന്നാണ് കണക്ക് കൂട്ടൽ. ആഗോള തലത്തിലെ എണ്ണ വിലയാണ് സൗദിക്ക് നേട്ടമായത്.

എണ്ണേതര വരുമാനവും വർധിച്ചിട്ടുണ്ട്. എങ്കിലും ഇത് സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കുന്ന വിധത്തിലേക്കെത്തിയിട്ടില്ല. എണ്ണ വിലക്കനുസരിച്ചുള്ള ചാഞ്ചാട്ടം സൗദിയുടെ വ്യാപാര രംഗത്തുണ്ട്. കോവിഡ് സാഹചര്യത്തിൽ സൗദി മൂല്യ വർധിത നികുതി അഥവാ വാറ്റ് 5ൽ നിന്നും 15 ശതമാനമാക്കിയിരുന്നു. ഇത് പണപ്പെരുപ്പത്തിന് കാരണമായി തുടരുകയാണ്. ഇത് പഴയപടിയാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

Share this story